---
title: "#LDF | എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി"
english_title: "#LDF #members left the #panchayat #committee"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/156982/ldf-members-left-the-panchayat-committee"
published_at: "2023-10-26T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539f7edbefc4_exhikkara.jpg"
keywords: []
---

# #LDF | എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി

> **Lead Summary:** **ഏഴിക്കര :** ഏഴിക്കര പഞ്ചായത്തിലെ വികസന മുരടിപ്പിനും ഭരണപക്ഷത്തിന്റെ പക്ഷപാതിത്വ നിലപാടുകൾക്കുമെതിരെ പഞ്ചായത്ത് യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു.

## Article Content

**ഏഴിക്കര :** ഏഴിക്കര പഞ്ചായത്തിലെ വികസന മുരടിപ്പിനും ഭരണപക്ഷത്തിന്റെ പക്ഷപാതിത്വ നിലപാടുകൾക്കുമെതിരെ പഞ്ചായത്ത് യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു.

പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമരം നടത്തി. സർക്കാരിന്റെ നവകേരള സദസ്സ്‌ മണ്ഡലംതല സംഘാടകസമിതി യോഗത്തിന്റെ അറിയിപ്പ് പഞ്ചായത്തിൽ ലഭിച്ചിട്ടും വിവരം ജനപ്രതിനിധികളിൽനിന്ന് മറച്ചുവച്ച നടപടി പ്രതിപക്ഷം ചോദ്യം ചെയ്തു.

ഇത് തരംതാണ രാഷ്ട്രീയ നടപടിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പഞ്ചായത്ത് അതിർത്തിയിൽ വികസനപ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്. ലങ്കാ പാലം നിർമാണം പാതിവഴിയിൽ നിലച്ചു. ഗേറ്റ് വേ ടു ചെറായി മാലിന്യക്കൂമ്പാരമായി. കുണ്ടേക്കാവ് പാലം നിർമാണം പൂർത്തിയാക്കിയിട്ടും ഗതാഗതത്തിന് പൂർണതോതിൽ തുറന്ന് നൽകുന്നില്ല.

ചാത്തനാട് പ്രദേശംവരെയുള്ളവർ ഇതുമൂലം യാത്രാക്ലേശത്തിലാണ്. പാലം പൊളിച്ചപ്പോൾ നിർമിച്ച താൽക്കാലിക ബണ്ട് ഇപ്പോഴും പൊളിച്ചുമാറ്റാൻ സാധിച്ചിട്ടില്ല. തോടിന് കുറുകെയുള്ള ബണ്ടായതിനാൽ മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. പഞ്ചായത്തിൽ നടക്കുന്ന പരിപാടികളിലൊന്നിലും ഭരണപക്ഷം കൂടിയാലോചനകൾ നടത്തുന്നില്ല.

എൽഡിഎഫ് അംഗങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്കൊന്നിനും മറുപടി നൽകാൻ പ്രസിഡന്റിനായില്ല. ഇതിൽ പ്രതിഷേധിച്ചാണ് യോഗത്തിൽനിന്ന് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയത്. പ്രതിപക്ഷനേതാവ് കെ എൻ വിനോദ്, പഞ്ചായത്ത്‌ അംഗങ്ങളായ എം ബി ചന്ദ്രബോസ്, എൻ ആർ സുധാകരൻ, ധന്യ സുരേഷ്, സുമ രാജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/156982/ldf-members-left-the-panchayat-committee)