---
title: "#police | പൊലീസിനെ വെട്ടിച്ച്‌ കടന്ന പ്രതി പിടിയിലായത്‌ അതിവേ​ഗം "
english_title: "The #suspect who #evaded the police was #caught quickly"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/153117/the-suspect-who-evaded-the-police-was-caught-quickly"
published_at: "2023-10-13T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528970d2005b_police.jpg"
keywords: []
---

# #police | പൊലീസിനെ വെട്ടിച്ച്‌ കടന്ന പ്രതി പിടിയിലായത്‌ അതിവേ​ഗം 

> **Lead Summary:** **കൊച്ചി : ** വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന്‌ എറണാകുളം ജെഎഫ്സി കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച്‌ കടന്ന പ്രതി പിടിയിലായത്‌ തൊമ്മന്‍കുത്തില്‍നിന്ന്.

## Article Content

**കൊച്ചി : ** വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന്‌ എറണാകുളം ജെഎഫ്സി കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച്‌ കടന്ന പ്രതി പിടിയിലായത്‌ തൊമ്മന്‍കുത്തില്‍നിന്ന്.

കടുങ്ങല്ലൂർ മുപ്പത്തടം പരങ്ങാട്ടുപറമ്പിൽ ഷിയാസാണ്‌ (31) പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണ് ഷിയാസ്. നേരത്തേയും ഇയാള്‍ കസ്റ്റഡിയിൽനിന്ന്‌ ചാടിപ്പോയിട്ടുണ്ട്‌. എറണാകുളം സെൻട്രൽ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലെ പ്രതിയായ ഷിയാസിനെ കോടതിയിൽ ഹാജരാക്കാൻ ചൊവ്വാഴ്ച ബസിലാണ് എത്തിച്ചത്.

വൈറ്റിലയിൽ ഇറങ്ങി, എറണാകുളത്തേക്കുള്ള ബസിൽ കയറുന്നതിനിടെ പൊലീസുകാരെ തള്ളിയിട്ട്‌ ഒരു കൈയില്‍ വിലങ്ങുമായി പ്രതി കടന്നു. കോട്ടയം ഇടുക്കി ജില്ലകളിൽ നൂറിലധികം സിസിടിവി കാമറകൾ പരിശോധിച്ചപ്പോള്‍ പ്രതി, മോഷ്ടിച്ച ബൈക്കിൽ തൊടുപുഴയിലേക്ക്‌ പോയതായി സൂചന ലഭിച്ചു. ഇതിനിടെ ഷിയാസ് സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടു.

പൊലീസ് സുഹൃത്തിനെ ചോദ്യം ചെയ്‌തപ്പോൾ ഷിയാസ്‌ സഞ്ചരിക്കുന്ന വഴി മനസ്സിലായി. പൊലീസ് സ്‌റ്റേഷനുകളിലും എക്‌സൈസിനും പ്രതിയുടെയും മോഷ്ടിച്ച ബൈക്കിന്റെയും വിവരം കൈമാറിയിരുന്നു. തൊമ്മൻകുത്ത്‌ ഭാഗത്ത്‌ ലഹരിപരിശോധന നടത്തിയിരുന്ന എക്‌സൈസാണ് സംശയം തോന്നി ഷിയാസിനെ തടഞ്ഞുവച്ചത്.

മരട്‌ പൊലീസ്‌ സ്ഥലത്തെത്തി ഷിയാസിനെ അറസ്‌റ്റ്‌ ചെയ്‌തു. മരട് എസ്ഐ സെബാസ്റ്റ്യൻ പി ചാക്കോയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/153117/the-suspect-who-evaded-the-police-was-caught-quickly)