---
title: "#maharajas | മഹാരാജാസ് കോളേജ് ഓഡിറ്റോറിയം; "ഭിന്നശേഷിക്കാർക്ക് ലിഫ്റ്റും സൗകര്യങ്ങളും ഏർപ്പെടുത്തും"
english_title: "#Maharaja's #College #Auditorium; “Lifts and #facilities will be provided for the #differently abled"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152334/maharajas-college-auditorium-lifts-and-facilities-will-be-provided-for-the-differently-abled"
published_at: "2023-10-10T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65249f9d1a855_maharajas.jpg"
keywords: []
---

# #maharajas | മഹാരാജാസ് കോളേജ് ഓഡിറ്റോറിയം; "ഭിന്നശേഷിക്കാർക്ക് ലിഫ്റ്റും സൗകര്യങ്ങളും ഏർപ്പെടുത്തും

> **Lead Summary:** **കൊച്ചി :** മഹാരാജാസ് കോളേജിൽ പുതുതായി നിർമിച്ച ഓഡിറ്റോറിയത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ലിഫ്റ്റും സൗകര്യങ്ങളും ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന്‌ ഡോ. ടി എം തോമസ് ഐസക്.

## Article Content

**കൊച്ചി :** മഹാരാജാസ് കോളേജിൽ പുതുതായി നിർമിച്ച ഓഡിറ്റോറിയത്തിൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ലിഫ്റ്റും സൗകര്യങ്ങളും ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന്‌ ഡോ. ടി എം തോമസ് ഐസക്.

കിഫ്‌ബി ഫണ്ടിൽ നിർമിച്ച കോളേജിലെ പുതിയ ഓഡിറ്റോറിയം തിങ്കളാഴ്‌ച സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ പൂർവവിദ്യാർഥികൂടിയായ തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോഴാണ്‌ പുതിയ ഓഡിറ്റോറിയം നിർമിക്കാനുള്ള ആശയം മുന്നോട്ടുവച്ചതും കിഫ്ബി ഫണ്ടിൽനിന്ന് പണം അനുവദിച്ചതും.

പ്രിൻസിപ്പൽ ഡോ. വി എസ് ജോയ്, ഗവേണിങ് കൗൺസിൽ ചെയർമാൻ ഡോ. എൻ രമാകാന്തൻ, ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിഐസിസി ജയചന്ദ്രൻ, ഊരാളുങ്കൽ ലേബർ സൊസെെറ്റി അധികൃതർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. പുതിയ ഓഡിറ്റോറിയം 3875.65 ചതുരശ്രയടി വിസ്തൃതിയുള്ളതാണ്‌.

കിഫ്‌ബി ഫണ്ടിൽനിന്ന്‌ 13 കോടി ചെലവിലാണ്‌ നിർമാണം. 1975ൽ മഹാരാജാസ് കോളേജ് 100 വർഷം തികച്ചപ്പോൾ നിർമിച്ചതാണ് പഴയ സെന്റിനറി ഓഡിറ്റോറിയം. വേദിയും മേൽക്കൂരയും ജീർണിച്ച്‌ ചോർച്ചയുണ്ടായ സാഹചര്യത്തിലാണ്‌ ആധുനിക സംവിധാനങ്ങളോടെ പുതിയത്‌ നിർമിക്കാൻ തീരുമാനിച്ചത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കാണ് നിർമാണ ചുമതല. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152334/maharajas-college-auditorium-lifts-and-facilities-will-be-provided-for-the-differently-abled)