---
title: "#Amrit | അമൃത് രണ്ടാംഘട്ടം ; അനുമതിയായത്‌ 380 കോടി  രൂപയുടെ പദ്ധതികൾക്ക്‌ "
english_title: "#Amrit #Phase II; 380 crore #projects have been #sanctioned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/151624/amrit-phase-ii-380-crore-projects-have-been-sanctioned"
published_at: "2023-10-07T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520aed37561a_water.jpg"
keywords: []
---

# #Amrit | അമൃത് രണ്ടാംഘട്ടം ; അനുമതിയായത്‌ 380 കോടി  രൂപയുടെ പദ്ധതികൾക്ക്‌ 

> **Lead Summary:** **കൊച്ചി :** രണ്ടാംഘട്ട അമൃത് പദ്ധതിയിൽപ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി മേയർ എം അനിൽകുമാറിന്റെ നേതൃത്വത്തിൽ കോർകമ്മിറ്റി വിലയിരുത്തി.

## Article Content

**കൊച്ചി :** രണ്ടാംഘട്ട അമൃത് പദ്ധതിയിൽപ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി മേയർ എം അനിൽകുമാറിന്റെ നേതൃത്വത്തിൽ കോർകമ്മിറ്റി വിലയിരുത്തി.

ഡെപ്യൂട്ടി മേയർ, സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആകെ 380 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇതുവരെ അനുമതി ലഭിച്ചത്.

കുടിവെള്ളവിതരണത്തിനുള്ള 159 കോടി രൂപയുടെ 26 പദ്ധതികളിൽ 23 പദ്ധതികൾക്ക് സാങ്കേതികാനുമതി നൽകി ടെൻഡർ നടപടികൾ തുടങ്ങി. ഒമ്പതെണ്ണം അവാർഡ് ചെയ്‌തു. രണ്ടു പ്രവൃത്തികൾ പൂർത്തിയാക്കി. നഗരത്തിൽ അഞ്ച്‌ എംഎൽഡി-യുടെ സീവേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റും 40 കിലോമീറ്റർ നെറ്റ്‌വർക്കും ഉൾപ്പെടുന്ന 185 കോടി രൂപയുടെ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചതിനെ തുടർന്ന്‌ ടെൻഡർ നടപടികൾ തുടങ്ങി.

നിർമാണം പൂർത്തിയാകുന്ന തുരുത്തിയിലെ റേ ഫ്ലാറ്റിൽ 105 കെഎൽഡി ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റിനും ചിലവന്നൂർ കായലിന്റെ എളംകുളം ഭാഗത്തെ പുനരുദ്ധാരണം, മട്ടാഞ്ചേരി, കൽവത്തി ഭാഗത്തെ ഉപയോഗശൂന്യമായ 26 കിണറുകളുടെ നവീകരണം, 8, 18, 19, 29- ഡിവിഷനുകളിൽ പാർക്കുകൾ എന്നിവയ്ക്ക് അമൃത് സംസ്ഥാന സാങ്കേതികസമിതി അനുമതി ലഭിച്ചിട്ടുണ്ട്.

പൊതുടാപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ ഗാർഹിക കണക്‌ഷൻ എടുക്കാനുള്ള അപേക്ഷ കൗൺസിലർമാർ മുഖേന നഗരസഭയിൽ സമർപ്പിക്കാമെന്നും മേയർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/151624/amrit-phase-ii-380-crore-projects-have-been-sanctioned)