---
title: "#imprisonment | പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ടജീവപര്യന്തം "
english_title: "The accused got double life #imprisonment in the case of #kidnapping and #murdering a plus two #student, making her #pregnant"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/151170/the-accused-got-double-life-imprisonment-in-the-case-of-kidnapping-and-murdering-a-plus-two-student-making-her-pregnant"
published_at: "2023-10-05T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e3a07e5243_impiris.jpg"
keywords: []
---

# #imprisonment | പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ടജീവപര്യന്തം 

> **Lead Summary:** **കൊച്ചി :** പതിനേഴു വയസ്സുകാരി പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർഷായ്ക്കു പോക്സോ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവും 2.50 ലക്ഷം രൂപ പിഴയും വിധിച്ചു.

## Article Content

**കൊച്ചി :** പതിനേഴു വയസ്സുകാരി പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർഷായ്ക്കു പോക്സോ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവും 2.50 ലക്ഷം രൂപ പിഴയും വിധിച്ചു.

ഇതിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കുറ്റത്തിനു ലഭിച്ച ജീവപര്യന്തം ശിക്ഷ പ്രതി ജീവിതാവസാനം വരെ അനുഭവിക്കണം. കൊലക്കുറ്റത്തിനാണു പ്രത്യേക കോടതി ജഡ്ജി കെ.സോമൻ രണ്ടാമത്തെ ജീവപര്യന്തം വിധിച്ചത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റത്തിനും തെളിവു നശിപ്പിച്ച കുറ്റത്തിനും അഞ്ചുവർഷം വീതം അധിക തടവും പ്രതി ഒരുമിച്ച് അനുഭവിക്കണം. ഈ ശിക്ഷ പൂർത്തിയാക്കിയ ശേഷമാണു പ്രതിയുടെ ജീവപര്യന്തം ശിക്ഷകൾ ആരംഭിക്കുക.

പിഴയടയ്ക്കാൻ പ്രതി തയാറായാൽ അതു കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കു നൽകാനും വിചാരണക്കോടതി ഉത്തരവിട്ടു.

വിദേശത്തു ജോലിയുണ്ടായിരുന്ന പ്രതി നാട്ടിൽ മടങ്ങിയെത്തി കാർ സർവീസ് സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു.പെൺകുട്ടിയുമായി പ്രണയത്തിലായ ശേഷമാണു പീഡിപ്പിച്ചത്. 2020 ജനുവരി ഏഴിനു കൊലനടക്കുമ്പോൾ പെൺകുട്ടി 4 മാസം ഗർഭിണിയായിരുന്നു.

സഫർഷാ ചെയ്ത കുറ്റകൃത്യം രണ്ടു ജീവൻ അപഹരിച്ചതായും അതു കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായുമുള്ള പ്രോസിക്യൂഷൻ വാദം കോടതി ശരിവച്ചു.   

സംഭവദിവസം സർവീസ് സ്റ്റേഷനിലെത്തിയ കാറുമായി പ്രതി പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിലെത്തി തമിഴ്നാട്ടിലേക്കു കടത്തിക്കൊണ്ടു പോവുകയായിരുന്നു. അതിനു മുൻപു തന്നെ പ്രതി കത്തി വാങ്ങി കാറിൽ സൂക്ഷിച്ചിരുന്നു.

വണ്ടിയിൽ വച്ചു പെൺകുട്ടിയുടെ കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി. പ്രസവിക്കുന്ന കുഞ്ഞിനെ ഒറ്റയ്ക്കു വളർത്തുമെന്നു പെൺകുട്ടി വാശിപിടിച്ചതായി പ്രതി അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. കൊലനടത്തിയ ശേഷം ആനമയിലെ കാപ്പിത്തോട്ടത്തിൽ മൃതദേഹം ഉപേക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/151170/the-accused-got-double-life-imprisonment-in-the-case-of-kidnapping-and-murdering-a-plus-two-student-making-her-pregnant)