---
title: "#waste | മാലിന്യം പെരിയാറിലേക്ക്‌ ഒഴുക്കി;കളമശേരി നഗരസഭയ്ക്ക്  10.3 കോടി പിഴ "
english_title: "#Garbage poured into #Periyar; #Kalamasery #Municipal #Corporation fined 10.3 crores"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/148984/garbage-poured-into-periyar-kalamasery-municipal-corporation-fined-103-crores"
published_at: "2023-09-26T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65122ef387e36_kalamassery.jpg"
keywords: []
---

# #waste | മാലിന്യം പെരിയാറിലേക്ക്‌ ഒഴുക്കി;കളമശേരി നഗരസഭയ്ക്ക്  10.3 കോടി പിഴ 

> **Lead Summary:** **കളമശേരി :** നഗരസഭാ മാർക്കറ്റിലെ മാംസാവശിഷ്ടങ്ങളും ചോരയും കലർന്ന മാലിന്യം പെരിയാറിലേക്ക്‌ ഒഴുക്കിയതിന് കളമശേരി നഗരസഭയ്ക്ക് 10 കോടി 30 ലക്ഷം രൂപ മലിനീകരണനിയന്ത്രണ ബോർഡ് പിഴ ചുമത്തി.

## Article Content

**കളമശേരി :** നഗരസഭാ മാർക്കറ്റിലെ മാംസാവശിഷ്ടങ്ങളും ചോരയും കലർന്ന മാലിന്യം പെരിയാറിലേക്ക്‌ ഒഴുക്കിയതിന് കളമശേരി നഗരസഭയ്ക്ക് 10 കോടി 30 ലക്ഷം രൂപ മലിനീകരണനിയന്ത്രണ ബോർഡ് പിഴ ചുമത്തി.

നോർത്ത് കളമശേരിയിലെ മാർക്കറ്റിൽനിന്നാണ് മലിനജലം ഒഴുക്കിയത്. ഇവിടെ മാലിന്യസംസ്കരണ പ്ലാന്റ്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശരിയായി പ്രവർത്തിക്കാത്തതാണ് മലിനജലം പുറത്തേക്ക്‌ ഒഴുകാൻ കാരണം. പിഴ ചുമത്തിയ നോട്ടീസ് നേരത്തേ വന്നിരുന്നെങ്കിലും നഗരസഭ നടപടി സ്വീകരിച്ചിരുന്നില്ല.

മലിനീകരണനിയന്ത്രണ ബോർഡ് നിലപാട് കടുപ്പിച്ചതോടെ നഗരസഭാ സെക്രട്ടറി ബോർഡ് അധികൃതരെ കണ്ടു. പ്രശ്നത്തിന് ശാശ്വതപരിഹാരം വേണമെന്ന നിലപാടിലാണ് അധികൃതർ. സെക്രട്ടറി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ 20 ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പഴക്കമുള്ള മാർക്കറ്റ് കെട്ടിടം പൊളിച്ച്, ആധുനിക സജ്ജീകരണങ്ങളോടെ മാലിന്യസംസ്കരണ പ്ലാന്റ്‌ ഉൾപ്പെടെയുള്ള കെട്ടിടം പണിയുകമാത്രമാണ് ശാശ്വത പരിഹാരത്തിനുള്ള വഴി.

നഗരസഭാ ഉദ്യോഗസ്ഥരും കൗൺസിലർമാരും തിങ്കളാഴ്ച ചേർന്ന യോഗത്തിൽ മാർക്കറ്റ് പൊളിക്കുന്ന കാര്യം വ്യാപാരികളെ ബോധ്യപ്പെടുത്തി നടപടികളിലേക്ക് നീങ്ങാൻ തീരുമാനിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/148984/garbage-poured-into-periyar-kalamasery-municipal-corporation-fined-103-crores)