---
title: "#kaajiramattam | മായമില്ലാത്ത ഉൽപന്നങ്ങളുമായി കാൽ നൂറ്റാണ്ടിനു ശേഷം മില്ലുങ്കൽ ചന്ത"
english_title: "#Millungal #market after a #quarter of a century with #impeccable #products"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/146792/millungal-market-after-a-quarter-of-a-century-with-impeccable-products"
published_at: "2023-09-16T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65057373c3dbd_kaajira.jpg"
keywords: []
---

# #kaajiramattam | മായമില്ലാത്ത ഉൽപന്നങ്ങളുമായി കാൽ നൂറ്റാണ്ടിനു ശേഷം മില്ലുങ്കൽ ചന്ത

> **Lead Summary:** **കാഞ്ഞിരമറ്റം : ** മായമില്ലാത്ത ഉൽപന്നങ്ങളുമായി കാൽ നൂറ്റാണ്ടിനു ശേഷം മില്ലുങ്കൽ ചന്ത സജീവമാകുന്നു. ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന കാലത്ത് ജില്ലയിലെ പ്രധാന ചന്തയായ മില്ലുങ്കൽ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്.

## Article Content

**കാഞ്ഞിരമറ്റം : ** മായമില്ലാത്ത ഉൽപന്നങ്ങളുമായി കാൽ നൂറ്റാണ്ടിനു ശേഷം മില്ലുങ്കൽ ചന്ത സജീവമാകുന്നു. ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന കാലത്ത് ജില്ലയിലെ പ്രധാന ചന്തയായ മില്ലുങ്കൽ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്.

പണ്ട് വിവിധ സ്ഥലങ്ങളിൽ നിന്നു മില്ലുങ്കൽ കനാലിലൂടെ സാധനങ്ങൾ എത്തിച്ചിരുന്ന ചന്തയായിരുന്നു മില്ലുങ്കൽ. കാർഷിക മേഖലയായിരുന്ന എടയ്ക്കാട്ടുവയൽ, അരയൻകാവ്, ആമ്പല്ലൂർ, മുളന്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരുടെ പ്രധാന ആശ്രയമായിരുന്ന ചന്തയുടെ പ്രാധാന്യം ഗതാഗത സൗകര്യങ്ങൾ വർധിച്ചതോടെയാണ് ഇല്ലാതായത്. കനാലിലൂടെ ചരക്കുകൾ എത്താതായതോടെ ചന്തയുടെ പ്രവർത്തനവും നിലച്ചു.

കർഷകരുടെയും നാട്ടുകാരുടെ ആവശ്യത്തെ തുടർന്നു ആമ്പല്ലൂർ പഞ്ചായത്തും കൃഷി ഭവനും ചേർന്നാണു വർഷങ്ങൾക്കു ശേഷം ചന്ത വീണ്ടും തുറക്കാൻ മുന്നിട്ടിറങ്ങിയത്.

നാട്ടുകാർക്ക് വിഷരഹിത പച്ചക്കറി ഉറപ്പാക്കുക, കർഷകരെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരിക, ഇടനിലക്കാരില്ലാതെ കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മില്ലുങ്കൽ ചന്തയുടെ പ്രവർത്തനം പഞ്ചായത്ത് പുനരാരംഭിച്ചത്.നിലവിൽ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെയാണ് ചന്ത പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/146792/millungal-market-after-a-quarter-of-a-century-with-impeccable-products)