---
title: "#arrest | ഇല്ലാത്ത പണമിടപാട് സ്ഥാപനത്തിന്റെ പേരിൽ കുടുംബശ്രീ ഗ്രൂപ്പുകളില്‍ നിന്ന്  പണം വാങ്ങി;ഒരാൾ പിടിയിൽ"
english_title: "Received #money from #Kudumbashree groups in the name of non-existent #money #transfer firm; one #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/146791/received-money-from-kudumbashree-groups-in-the-name-of-non-existent-money-transfer-firm-one-arrested"
published_at: "2023-09-16T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65057080db277_arrest.jpg"
keywords: []
---

# #arrest | ഇല്ലാത്ത പണമിടപാട് സ്ഥാപനത്തിന്റെ പേരിൽ കുടുംബശ്രീ ഗ്രൂപ്പുകളില്‍ നിന്ന്  പണം വാങ്ങി;ഒരാൾ പിടിയിൽ

> **Lead Summary:** അരൂർ : ഇല്ലാത്ത പണമിടപാട് സ്ഥാപനത്തിന്റെ പേരിൽ കുടുംബശ്രീ ഗ്രൂപ്പുകൾക്ക് വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ കേസിൽ ഒരാൾ പിടിയിൽ. തമിഴ്നാട് തിരുനൽവേലി നാരായണ സ്വാമി കോവിൽ സ്ട്രീറ്റിൽ യോഗുപതിയാണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്.

## Article Content

അരൂർ : ഇല്ലാത്ത പണമിടപാട് സ്ഥാപനത്തിന്റെ പേരിൽ കുടുംബശ്രീ ഗ്രൂപ്പുകൾക്ക് വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ കേസിൽ ഒരാൾ പിടിയിൽ. തമിഴ്നാട് തിരുനൽവേലി നാരായണ സ്വാമി കോവിൽ സ്ട്രീറ്റിൽ യോഗുപതിയാണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്.

ഈ കേസിൽ തമിഴ്നാട് സ്വദേശികളായ 2 സ്ത്രീകൾ ഒളിവിലാണ്.ഇവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. തുറവൂർ പഞ്ചായത്ത്‌ ഏഴാം വാർഡിലെ 3 ഗ്രൂപ്പുകളിലെ 24 വനിതകളെയാണ് സംഘം കബളിപ്പിച്ചത്.

ഗ്രൂപ്പിലെ ഓരോ വ്യക്തിക്കും 1 ലക്ഷം രൂപ വീതം വായ്പ നൽകാം എന്നു പറഞ്ഞ് ആലപ്പുഴയിൽ തുടങ്ങുന്ന ശാസ്ത ഫിനാൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെന്ന പേരിലായിരുന്നു ഇവർ എത്തിയത്. വായ്പയുടെ റജിസ്ട്രേഷൻ ഫീസായ 920 രൂപ വീതം ഉൾപ്പെടെ 2.20 ലക്ഷം രൂപയാണ് സ്ത്രീകളിൽ നിന്നു വാങ്ങിയത്. പണം വാങ്ങിയതിന് ശേഷം സംഘം മുങ്ങുകയായിരുന്നു.

പിന്നീട് ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കുത്തിയതോട് പൊലീസിന് നൽകിയ പരാതിയെത്തുടർന്ന് സ്ത്രീകൾ പണം നിക്ഷേപിച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/146791/received-money-from-kudumbashree-groups-in-the-name-of-non-existent-money-transfer-firm-one-arrested)