---
title: " #quotation | വയോധികനെ ആക്രമിച്ച സംഭവത്തിനു പിന്നിൽ സുഹൃത്തായ യുവതിയുടെ ക്വട്ടേഷനെന്ന് പൊലീസ്"
english_title: "#Quotation of the #young woman who is the friend behind the #attack on the old man"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/146228/quotation-of-the-young-woman-who-is-the-friend-behind-the-attack-on-the-old-man"
published_at: "2023-09-14T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502adaa04d74_police.jpg"
keywords: []
---

#  #quotation | വയോധികനെ ആക്രമിച്ച സംഭവത്തിനു പിന്നിൽ സുഹൃത്തായ യുവതിയുടെ ക്വട്ടേഷനെന്ന് പൊലീസ്

> **Lead Summary:** **ആലുവ :** ചിറ്റൂരിൽ വാടകയ്ക്കു താമസിക്കുന്ന വട്ടോളി ജോസിനെ ബുധനാഴ്ച റെയിൽവേ മേൽപാലത്തിനു സമീപം ആക്രമിച്ച സംഭവത്തിനു പിന്നിൽ സുഹൃത്തായ യുവതിയുടെ ക്വട്ടേഷൻ ആണെന്നു പൊലീസ്.

## Article Content

**ആലുവ :** ചിറ്റൂരിൽ വാടകയ്ക്കു താമസിക്കുന്ന വട്ടോളി ജോസിനെ ബുധനാഴ്ച റെയിൽവേ മേൽപാലത്തിനു സമീപം ആക്രമിച്ച സംഭവത്തിനു പിന്നിൽ സുഹൃത്തായ യുവതിയുടെ ക്വട്ടേഷൻ ആണെന്നു പൊലീസ്.

ചിറ്റൂർ സ്വദേശിയായ യുവതി പൊലീസ് നിരീക്ഷണത്തിലാണ്. മേൽപാലത്തിനു സമീപം ഇടവഴിയിൽ പൂട്ടിക്കിടക്കുന്ന ധ്യാന കേന്ദ്രത്തിനു മുന്നിൽ വച്ചാണു 2 പേർ പട്ടിക കൊണ്ടു ജോസിന്റെ തലയിലും കാലിലും അടിച്ചത്. കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജോസിനു ദേഹമാസകലം മുറിവും ഒടിവുമുണ്ട്. 25 തുന്നൽ ഇടേണ്ടി വന്നു.

തൃശൂർ സ്വദേശിയായ ജോസ് വീടുമായി അകന്ന് ഒറ്റയ്ക്കാണു താമസം. 3,60,000 രൂപ വാങ്ങി സുഹൃത്തായ യുവതിയാണ് പണയത്തിനു വീടു നൽകിയത്. ആലുവയിൽ മറ്റൊരു വീടു ശരിയാക്കി തരാമെന്നു പറഞ്ഞു ജോസിനെ യുവതി ആലുവയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നു ധ്യാന കേന്ദ്രത്തിനു മുന്നിൽ ഇരുത്തിയ ശേഷം ഉടൻ വരാമെന്നു പറഞ്ഞു പോയി. ഈ സമയത്താണു 2 പേർ എത്തി ക്രൂരമായി മർദിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ജോസിന്റെ അഞ്ചര പവന്റെ സ്വർണമാലയും മൊബൈൽ ഫോണും 450 രൂപയും ഇവർ തട്ടിയെടുത്തതായും പറയുന്നു. കുറച്ചു കഴിഞ്ഞു യുവതി തിരിച്ചെത്തി ജോസിനെ ആശുപത്രിയിൽ എത്തിച്ചു. മർദനമേറ്റ വിവരം ആശുപത്രിയിൽ പറയേണ്ടെന്നും വീണതാണെന്നേ പറയാവൂ എന്നും യുവതി ജോസിനോടു നിർദേശിച്ചു.

എന്നാൽ, ജോസ് സത്യം വെളിപ്പെടുത്തി. ക്വട്ടേഷൻ നൽകിയ യുവതിയും മറ്റൊരാളും ജോസിനെ ശുശ്രൂഷിക്കാൻ ഒരു ദിവസം ആശുപത്രിയിൽ നിന്നെങ്കിലും മാധ്യമങ്ങളിൽ ആക്രമണ വാർത്ത വന്നതോടെ കടന്നുകളഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/146228/quotation-of-the-young-woman-who-is-the-friend-behind-the-attack-on-the-old-man)