---
title: "#ambulance | വീട്ടിൽ പ്രസവിച്ച അതിഥിത്തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ"
english_title: "#Kaniv #Ambulance staff rescued the guest #worker and her baby who gave birth at home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/146038/kaniv-ambulance-staff-rescued-the-guest-worker-and-her-baby-who-gave-birth-at-home"
published_at: "2023-09-13T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501861c92ee3_kanivu.jpg"
keywords: []
---

# #ambulance | വീട്ടിൽ പ്രസവിച്ച അതിഥിത്തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ

> **Lead Summary:** **കളമശേരി :** വീട്ടിൽ പ്രസവിച്ച അതിഥിത്തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കളമശേരി കുസാറ്റ് റോഡിൽ താമസിക്കുന്ന സിക്കിം സ്വദേശി കുസും ആണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

## Article Content

**കളമശേരി :** വീട്ടിൽ പ്രസവിച്ച അതിഥിത്തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കളമശേരി കുസാറ്റ് റോഡിൽ താമസിക്കുന്ന സിക്കിം സ്വദേശി കുസും ആണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

തിങ്കൾ രാവിലെ ആ‌റോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുള്ളവർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വീട്ടിൽ പ്രസവിക്കുകയായിരുന്നു. പ്രദേശവാസികൾ ഉടനെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽനിന്ന് അത്യാഹിതസന്ദേശം ഇടപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനാണ് കൈമാറിയത്.

ആംബുലൻസ് ഡ്രൈവർ എ അനസും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ എം എം ലിന്റുമോനും കളമശേരിയിലേക്ക് കുതിച്ചു. ടെക്‌നീഷ്യൻ ലിന്റുമോൻ അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾക്കൊടിബന്ധം വേർപ്പെടുത്തി.

തുടർന്ന് ഇരുവർക്കും പ്രഥമശുശ്രൂഷ നൽകി ആംബുലന്‍സില്‍ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/146038/kaniv-ambulance-staff-rescued-the-guest-worker-and-her-baby-who-gave-birth-at-home)