---
title: "#kochi | ജീവിക്കാന്‍ ഉത്സവസ്ഥലങ്ങളിൽ പായസം വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർഥിനിക്ക് വീടൊരുക്കി സോപ്മ "
english_title: "#kochi | #Sopma arranged a house for a #student who noticed that he was selling stew at festivals to earn a living"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/145586/kochi-sopma-arranged-a-house-for-a-student-who-noticed-that-he-was-selling-stew-at-festivals-to-earn-a-living"
published_at: "2023-09-12T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ffb4b720b72_sopma.jpg"
keywords: []
---

# #kochi | ജീവിക്കാന്‍ ഉത്സവസ്ഥലങ്ങളിൽ പായസം വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർഥിനിക്ക് വീടൊരുക്കി സോപ്മ 

> **Lead Summary:** **പെരുമ്പാവൂർ :** വീട്ടുവാടക നൽകാനും ബാപ്പയുടെ ചികിത്സയ്ക്കുമായി ഒഴിവുസമയങ്ങളിൽ പായസം വിൽപ്പന നടത്തുന്ന വിദ്യാർഥിനിക്ക്‌ സോമിൽ ഓണേഴ്സ് ആൻഡ്‌ പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ (സോപ്‌മ) വീട് നിർമിച്ചുനൽകി.

## Article Content

**പെരുമ്പാവൂർ :** വീട്ടുവാടക നൽകാനും ബാപ്പയുടെ ചികിത്സയ്ക്കുമായി ഒഴിവുസമയങ്ങളിൽ പായസം വിൽപ്പന നടത്തുന്ന വിദ്യാർഥിനിക്ക്‌ സോമിൽ ഓണേഴ്സ് ആൻഡ്‌ പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ (സോപ്‌മ) വീട് നിർമിച്ചുനൽകി.

ഉത്സവസ്ഥലങ്ങളിൽ പായസം വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎയാണ് ആറാംക്ലാസ് വിദ്യാർഥിനി ഫാത്തിമയ്ക്ക് വീടൊരുക്കാൻ അസോസിയേഷനുമായി ഇടപെട്ടത്‌.

പാറപ്പുറം മില്ലുംപടിയിൽ വാടകയ്‌ക്കാണ്‌ പെൺകുട്ടി ഉൾപ്പെടെയുള്ള കുടുംബത്തിന്റെ താമസം. സ്ഥിതിയറിഞ്ഞ് മുടിക്കൽ പവർഹൗസിനുസമീപം സൗഹൃദ ജങ്ഷനിൽ പുളിക്കക്കുടി ഷെഫീർ സൗജന്യമായി നൽകിയ മൂന്ന് സെന്റിലാണ് വീട് നിർമിച്ചത്. വ്യവസായമന്ത്രി പി രാജീവ് ഫാത്തിമയ്ക്ക് വീടിന്റെ താക്കോൽ കൈമാറി.

അസോസിയേഷൻ പ്രസിഡന്റ് എം എം മുജീബ് റഹ്മാൻ അധ്യക്ഷനായി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, ടി എം സക്കീർ ഹുസൈൻ, സി പി സുബൈറുദ്ദീൻ, ബാബു സൈദാലി, എം കെ ജെമീർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/145586/kochi-sopma-arranged-a-house-for-a-student-who-noticed-that-he-was-selling-stew-at-festivals-to-earn-a-living)