---
title: "#kochi | യൂടേൺ എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ടാക്സി ഡ്രൈവറെ സ്വകാര്യ കാർ ഡ്രൈവർ മർദിച്ചതായി പരാതി"
english_title: "#Complaint that a #taxi #driver was beaten up by a #private car driver following a dispute related to taking #U-turn"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/145297/complaint-that-a-taxi-driver-was-beaten-up-by-a-private-car-driver-following-a-dispute-related-to-taking-u-turn"
published_at: "2023-09-10T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fddff809e0b_taxi.jpg"
keywords: []
---

# #kochi | യൂടേൺ എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ടാക്സി ഡ്രൈവറെ സ്വകാര്യ കാർ ഡ്രൈവർ മർദിച്ചതായി പരാതി

> **Lead Summary:** **അരൂർ : ** യൂടേൺ എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് എരമല്ലൂർ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ ചെല്ലാനം സ്വദേശി ജോർജ് വിബുലനെ സ്വകാര്യ കാറിലെ ഡ്രൈവർ മർദിച്ചതായി പരാതി.

## Article Content

**അരൂർ : ** യൂടേൺ എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് എരമല്ലൂർ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ ചെല്ലാനം സ്വദേശി ജോർജ് വിബുലനെ സ്വകാര്യ കാറിലെ ഡ്രൈവർ മർദിച്ചതായി പരാതി.

ചേർത്തല റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ദ്രുതകർമ സേനാംഗമായ ചിറയിൻകീഴ് സ്വദേശി കൃഷ്ണ പ്രജീഷാണു മർദിച്ചതെന്ന് ജോർജ് പൊലീസിനോടു പറഞ്ഞു. മർദിച്ച ശേഷം കൃഷ്ണ പ്രജീഷ് വാഹനവുമായി കൊച്ചി ഭാഗത്തേക്കു പോയി.

സംഭവം അറിഞ്ഞ എരമല്ലൂരിലെ ടാക്സി ഡ്രൈവർമാർ ഇയാളുടെ കാറിനെ പിന്തുടർന്നു. അരൂർ പെട്രോൾ പമ്പിനു സമീപം കാർ തടഞ്ഞു. പൊലീസെത്തി കൃഷ്ണ പ്രജീഷിനെ കസ്റ്റഡിയിലെടുത്ത് ചേർത്തല പൊലീസിനു കൈമാറി. മുഖത്തേറ്റ പരുക്കുമൂലം ജോർജ് വിബുലനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ചേർത്തല കെവിഎം ആശുപത്രിയിലേക്കു മാറ്റി.

നെറ്റിയിലെ എല്ലിനു പൊട്ടലുണ്ട്. മൊഴിയെടുക്കലിനു ശേഷം ജോർജിനെ വീണ്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയും മേഖലാ കമ്മിറ്റിയും പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/145297/complaint-that-a-taxi-driver-was-beaten-up-by-a-private-car-driver-following-a-dispute-related-to-taking-u-turn)