---
title: "#kochi | പെട്രോകെമിക്കൽ പാർക്കിൽ രണ്ടാമത്തെ യൂണിറ്റ്‌ പ്രവർത്തനം ആരംഭിച്ചു;നിക്ഷേപകർ കൂടുതൽ  താൽപ്പര്യം കാണിക്കുന്നു: മന്ത്രി പി രാജീവ്‌"
english_title: "Second unit at #Petrochemical Park begins operations; #investors show more interest: #Minister P Rajeev"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/145129/second-unit-at-petrochemical-park-begins-operations-investors-show-more-interest-minister-p-rajeev"
published_at: "2023-09-10T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd153369866_rajeev.jpg"
keywords: []
---

# #kochi | പെട്രോകെമിക്കൽ പാർക്കിൽ രണ്ടാമത്തെ യൂണിറ്റ്‌ പ്രവർത്തനം ആരംഭിച്ചു;നിക്ഷേപകർ കൂടുതൽ  താൽപ്പര്യം കാണിക്കുന്നു: മന്ത്രി പി രാജീവ്‌

> **Lead Summary:** **കൊച്ചി :** വ്യവസായവകുപ്പിന്റെ കൊച്ചി അമ്പലമുകൾ പെട്രോകെമിക്കൽ പാർക്കിൽ രണ്ടാമത്തെ യൂണിറ്റ്‌ പ്രവർത്തനം ആരംഭിച്ചു. മൂന്നാമത്തെ യൂണിറ്റ്‌ ട്രയൽറൺ തുടങ്ങി. രണ്ടാമത്തെ യൂണിറ്റായ ഏഷ്യാറ്റിക് പോളിമേഴ്സ് ഇൻഡസ്ട്രീസിന്റെ പ്രവർത്തനോദ്‌ഘാടനം വ്യവസായമന്ത്രി പി രാജീവ്‌ നിർവഹിച്ചു.

## Article Content

**കൊച്ചി :** വ്യവസായവകുപ്പിന്റെ കൊച്ചി അമ്പലമുകൾ പെട്രോകെമിക്കൽ പാർക്കിൽ രണ്ടാമത്തെ യൂണിറ്റ്‌ പ്രവർത്തനം ആരംഭിച്ചു. മൂന്നാമത്തെ യൂണിറ്റ്‌ ട്രയൽറൺ തുടങ്ങി. രണ്ടാമത്തെ യൂണിറ്റായ ഏഷ്യാറ്റിക് പോളിമേഴ്സ് ഇൻഡസ്ട്രീസിന്റെ പ്രവർത്തനോദ്‌ഘാടനം വ്യവസായമന്ത്രി പി രാജീവ്‌ നിർവഹിച്ചു.

മുപ്പതുപേർക്ക് തൊഴിൽ നൽകുന്ന, 20 കോടിയോളം രൂപ നിക്ഷേപമുള്ള സംരംഭമാണിത്‌. മെഥനോൾ ഉപയോഗിച്ച് പെയിന്റ് കമ്പനികൾക്കും പ്ലൈവുഡ് ഉൽപ്പന്നങ്ങൾക്കും ആവശ്യമായ ഫോർമാൾഡിഹൈഡാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌.

ടാർടെക്‌ എന്ന ബിറ്റുമിൻ ഉൽപ്പാദന യൂണിറ്റ്‌ പാർക്കിൽ നേരത്തേ പ്രവർത്തനം തുടങ്ങിയിരുന്നു. പെട്രോകെമിക്കൽ പാർക്കിൽ 1200 കോടി രൂപ മുതൽമുടക്കാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിനകം 17 യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചു.

കിൻഫ്ര അമ്പലമുകളിൽ ആരംഭിക്കുന്ന പെട്രോകെമിക്കൽ പാർക്കിൽ ബിപിസിഎൽ കൊച്ചി റിഫൈനറിയിലെ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ചെറുതും വലുതുമായ വ്യവസായ യൂണിറ്റുകൾക്ക്‌ വിപുലമായ സൗകര്യങ്ങളാണ്‌ ഒരുക്കുന്നത്‌.

അടിസ്ഥാനസൗകര്യങ്ങളായ വൈദ്യുതി, വെള്ളം, മലിനജല ശുദ്ധീകരണ പ്ലാന്റ്, ഗെയിൽ പൈപ്പ്‌ലൈൻ, അപകടകരമായ മാലിന്യം നീക്കംചെയ്യാനുള്ള സംവിധാനം എന്നിവയും ലഭ്യമാക്കും. തടസ്സമില്ലാത്ത ലോജിസ്റ്റിക് ക്രമീകരണവും വെയർഹൗസിങ്‌ ആൻഡ്‌ ട്രേഡിങ്‌ ഹബ്ബും പദ്ധതിയിൽ ഉൾപ്പെടുത്തിയത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നു.

 പാർക്കിന്റെ ഉദ്ഘാടനത്തിനു മുമ്പുതന്നെ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചത് കേരളത്തിലേക്ക് നിക്ഷേപകർ കൂടുതൽ ശ്രദ്ധചെലുത്തുന്നതിന് ഉദാഹരണമാണ്‌. 481 ഏക്കറിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനുമുമ്പേ മുഴുവൻ സ്ഥലവും ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപവും 11,000 തൊഴിലവസരങ്ങളുമാണ്‌ സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/145129/second-unit-at-petrochemical-park-begins-operations-investors-show-more-interest-minister-p-rajeev)