---
title: "#councillor | നഗരസഭാ അധ്യക്ഷ കൗൺസിലർമാർക്ക് പണക്കിഴി നൽകിയ സംഭവം;ഡിവിആർ കസ്റ്റഡിയിലെടുത്തു "
english_title: "The #incident where the #mayor gave bribe to the #councillors; the DVR was taken into #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143886/the-incident-where-the-mayor-gave-bribe-to-the-councillors-the-dvr-was-taken-into-custody"
published_at: "2023-09-05T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f67ecee52bd_thrikkakara.jpg"
keywords: []
---

# #councillor | നഗരസഭാ അധ്യക്ഷ കൗൺസിലർമാർക്ക് പണക്കിഴി നൽകിയ സംഭവം;ഡിവിആർ കസ്റ്റഡിയിലെടുത്തു 

> **Lead Summary:** **തൃക്കാക്കര :** രണ്ടുവർഷംമുമ്പ്‌ ഓണക്കാലത്ത് നഗരസഭാ അധ്യക്ഷ കൗൺസിലർമാർക്ക് 10,000 രൂപവീതം പണക്കിഴി നൽകിയ സംഭവത്തിൽ വിജിലൻസ് സംഘം തൃക്കാക്കര നഗരസഭയിലെ ഡിജിറ്റൽ രേഖകൾ പരിശോധനയ്‌ക്കായി കസ്‌റ്റഡിയിലെടുത്തു.

## Article Content

**തൃക്കാക്കര :** രണ്ടുവർഷംമുമ്പ്‌ ഓണക്കാലത്ത് നഗരസഭാ അധ്യക്ഷ കൗൺസിലർമാർക്ക് 10,000 രൂപവീതം പണക്കിഴി നൽകിയ സംഭവത്തിൽ വിജിലൻസ് സംഘം തൃക്കാക്കര നഗരസഭയിലെ ഡിജിറ്റൽ രേഖകൾ പരിശോധനയ്‌ക്കായി കസ്‌റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വിജിലൻസ് സിഐയുടെ നേതൃത്വത്തിലെത്തിയ അന്വേഷകസംഘം അന്നത്തെ നഗരസഭാ അധ്യക്ഷ ഉപയോഗിച്ചിരുന്ന മുറിയിൽനിന്നാണ്‌ സിസിടിവിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ വീഡിയോ റെക്കോർഡർ (ഡിവിആർ) പരിശോധനയ്‌ക്കായി കസ്റ്റഡിയിലെടുത്തത്.

കേസിൽ മുൻ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഒന്നാംപ്രതിയായും മുൻ റവന്യു ഇൻസ്‌പെക്ടർ യു പ്രകാശ്‌കുമാർ രണ്ടാംപ്രതിയായും വിജിലൻസ് എഫ്ഐആർ ഇട്ടിരുന്നു. ഇതിനുപുറമേയാണ്‌ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യംചെയ്യാൻ നോട്ടീസ് നൽകാനിരിക്കുകയാണ്‌ വിജിലൻസ്‌.

അധ്യക്ഷയുടെ ക്യാബിനിൽ കൗൺസിലർമാരെ വിളിച്ചുവരുത്തി 2021 ആഗസ്ത്‌ 17ന്‌ ഓണക്കിറ്റിനൊപ്പം പണക്കിഴി നൽകിയ സംഭവത്തിലാണ്‌ വിജിലൻസ് അന്വേഷണം നടത്തി കേസെടുത്തത്. അധ്യക്ഷയുടെ മുറിയിൽനിന്ന്‌ പണമടങ്ങിയ കവറുമായി കൗൺസിൽ അംഗങ്ങൾ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു.

പണം കവറിലാക്കി നൽകുന്നത് കണ്ടതായി യുഡിഎഫിലെ ഏതാനും കൗൺസിലർമാർ മൊഴിയും നൽകിയിട്ടുണ്ട്. വിവരാവകാശനിയമപ്രകാരം സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട വിവരാവകാശപ്രവർത്തകൻ രാജു വാഴക്കാലയ്‌ക്ക്, ദൃശ്യങ്ങൾ നൽകണമെന്ന സംസ്ഥാന വിവരാവകാശ കമീഷണർ പി ആർ ശ്രീലതയുടെ ഉത്തരവ്‌ നടപ്പാക്കാത്തതിന് നഗരസഭാ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകിയിരുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143886/the-incident-where-the-mayor-gave-bribe-to-the-councillors-the-dvr-was-taken-into-custody)