---
title: "#kochi | ബാക്കിവരുന്ന തുണിക്കഷ്ണങ്ങൾകൊണ്ട് മനോഹരങ്ങളായ കളിപ്പാവ നിർമിക്കാം;യൂണിറ്റിന്‌ നഗരത്തിൽ തുടക്കം"
english_title: "The remaining #pieces of #cloth can be used to make beautiful #dolls; the unit begins in the #city"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143191/the-remaining-pieces-of-cloth-can-be-used-to-make-beautiful-dolls-the-unit-begins-in-the-city"
published_at: "2023-09-02T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2c20eadecb_paava.jpg"
keywords: []
---

# #kochi | ബാക്കിവരുന്ന തുണിക്കഷ്ണങ്ങൾകൊണ്ട് മനോഹരങ്ങളായ കളിപ്പാവ നിർമിക്കാം;യൂണിറ്റിന്‌ നഗരത്തിൽ തുടക്കം

> **Lead Summary:** **കൊച്ചി:** കോർപറേഷൻ നേതൃത്വത്തിൽ സെന്റ്‌ തെരേസാസ് കോളേജിന്റെയും ഭൂമി വുമൺസ് കലക്ടീവ് വനിതാ കൂട്ടായ്മയുടെയും സഹകരണത്തോടെ ബാക്കിവരുന്ന തുണിക്കഷ്ണങ്ങൾകൊണ്ട് മനോഹരങ്ങളായ കളിപ്പാവ നിർമിക്കുന്ന യൂണിറ്റിന്‌ നഗരത്തിൽ തുടക്കം.

## Article Content

**കൊച്ചി:** കോർപറേഷൻ നേതൃത്വത്തിൽ സെന്റ്‌ തെരേസാസ് കോളേജിന്റെയും ഭൂമി വുമൺസ് കലക്ടീവ് വനിതാ കൂട്ടായ്മയുടെയും സഹകരണത്തോടെ ബാക്കിവരുന്ന തുണിക്കഷ്ണങ്ങൾകൊണ്ട് മനോഹരങ്ങളായ കളിപ്പാവ നിർമിക്കുന്ന യൂണിറ്റിന്‌ നഗരത്തിൽ തുടക്കം.

നഗരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന തയ്യൽമിച്ചങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ്‌ കോർപറേഷൻ ലക്ഷ്യമിടുന്നത്‌. കച്ചേരിപ്പടിയിലുള്ള നഗരസഭാ സി-ഹെഡ് ബിൽഡിങ്ങിലാണ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്.

തുണിക്കഷ്ണങ്ങൾ വൃത്തിയാക്കി പാവകളാക്കി മാറ്റുന്നതിലൂടെ പരിസ്ഥിതി സൗഹാർദവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. കൊച്ചി കോർപറേഷന്റെ ഹീൽ പദ്ധതിയുടെ ഭാഗമായാണ് കളിപ്പാവ നിർമാണം.

ബ്രഹ്മപുരം പ്ലാന്റിലേക്ക് പോകുന്ന മാലിന്യത്തിന്റെ അളവും കുറയ്‌ക്കാം. ഭിന്നശേഷിക്കാരായ രണ്ട്‌ കുട്ടികൾക്കും അവരുടെ അമ്മമാർക്കും മറ്റു നാല്‌ സ്ത്രീകൾക്കും തൊഴിലും വരുമാനവും ലഭിക്കുന്ന തരത്തിലാണ് പദ്ധതി തുടക്കംകുറിക്കുന്നത്.

യൂണിറ്റ്‌ മേയർ എം അനിൽകുമാറും മെഷീൻ സ്വിച്ച് ഓൺ ഡെപ്യൂട്ടി മേയർ കെ എ അൻസിയയും ഉദ്‌ഘാടനം ചെയ്തു. ക്ഷേമ സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാൽ, കൗൺസിലർ മനു ജേക്കബ്, ഡോ. സിസ്റ്റർ വിനീത, ഡി ജ്യോതി, ഡോ. നിർമല പത്മനാഭൻ, ഉഷ രമേഷ്, ഇസബെല്ല തോമസ് എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143191/the-remaining-pieces-of-cloth-can-be-used-to-make-beautiful-dolls-the-unit-begins-in-the-city)