---
title: "#kochi | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി രണ്ടരക്കിലോ സ്വർണം പിടികൂടി"
english_title: "At #Kochi #International #Airport, gold was seized from two out of three #passengers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/141389/at-kochi-international-airport-gold-was-seized-from-two-out-of-three-passengers"
published_at: "2023-08-24T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6a2538a4e6_airport.jpg"
keywords: []
---

# #kochi | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി രണ്ടരക്കിലോ സ്വർണം പിടികൂടി

> **Lead Summary:** **നെടുമ്പാശേരി : ** കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം രണ്ടരക്കിലോ സ്വർണം പിടികൂടി. ഇതിന്‌ 1.28 കോടിയോളം വിലവരും.

## Article Content

**നെടുമ്പാശേരി : ** കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം രണ്ടരക്കിലോ സ്വർണം പിടികൂടി. ഇതിന്‌ 1.28 കോടിയോളം വിലവരും.

കാസർകോട്‌ സ്വദേശി അഷറഫിനെ ആഭ്യന്തര വിമാനത്തിൽവച്ച് 26 ലക്ഷത്തിന്റെ 565.31 ഗ്രാം സ്വർണമിശ്രിതവുമായി പിടികൂടി. കൊച്ചിയിൽനിന്ന്‌ വിമാനത്തിൽ ഹൈദരാബാദിലേക്ക് പോകാനായിരുന്നു എത്തിയത്.

ദുബായിയിൽനിന്ന്‌ എത്തിയ വിമാനത്തിൽ കയറിയ ഉടനെ ഇയാൾ സീറ്റിന്റെ സൈഡ് പാനൽ ഇളക്കി സ്വർണം എടുക്കാൻ ശ്രമിച്ചത്‌ ഇൻഡിഗോ ജീവനക്കാർ ശ്രദ്ധിച്ചു. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചു യാത്രക്കാരനെ പിടിച്ചു.

ദുബായിൽനിന്ന്‌ വന്ന അന്താരാഷ്ട്ര യാത്രക്കാരൻ കൊണ്ടുവന്ന സ്വർണമാണ് സൈഡ്‌ പാനലിൽ ഒളിപ്പിച്ചിരുന്നത്. ഈ സ്വർണം എടുക്കാനാണ്‌ അഷറഫ് ഈ വിമാനത്തിൽ കയറിയത്. സ്വർണം എടുത്ത് ആഭ്യന്തര യാത്രക്കാരനായി പരിശോധന കൂടാതെ ഹൈദരാബാദ് വിമാനത്താവളംവഴി പുറത്തുകടക്കാനായിരുന്നു ലക്ഷ്യം.

മലേഷ്യയിൽനിന്ന്‌ ആകാശ് എയർ വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി ഹുസൈനിൽനിന്ന്‌ 54.41 ലക്ഷത്തിന്റെ 1051 ഗ്രാം സ്വർണമാണ്‌ പിടിച്ചത്. ഇയാൾ സ്വർണമിശ്രിതം നാല് കാപ്സ്യൂളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

മലപ്പുറം സ്വദേശിയായ ഫൈസലിൽനിന്ന്‌ 48.28 ലക്ഷം രൂപയുടെ 932.6 ഗ്രാം സ്വർണ ബിസ്‌കറ്റും പിടികൂടി. ദുബായിൽനിന്ന്‌ എമിറേറ്റ്സ് വിമാനത്തിലാണ് വന്നത്. എട്ട് സ്വർണ ബിസ്‌കറ്റുകൾ പേഴ്സിനകത്താണ് ഒളിപ്പിച്ചിരുന്നത്. മൂന്നു യാത്രക്കാരെയും ചോദ്യം ചെയ്തുവരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/141389/at-kochi-international-airport-gold-was-seized-from-two-out-of-three-passengers)