---
title: "#onam | ഓണപ്പാട്ടൊരുങ്ങി;തരംഗിണി ഓണപ്പാട്ടുകൾ വീണ്ടുമെത്തുന്നു"
english_title: "#Onapatta ready; #Tarangini #Onapattas are coming again"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/140901/onapatta-ready-tarangini-onapattas-are-coming-again"
published_at: "2023-08-22T07:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e418c6dafd0_onam.jpg"
keywords: []
---

# #onam | ഓണപ്പാട്ടൊരുങ്ങി;തരംഗിണി ഓണപ്പാട്ടുകൾ വീണ്ടുമെത്തുന്നു

> **Lead Summary:** **കൊച്ചി : ** മലയാളികൾക്ക്‌ ഓണത്തിന്റെ മധുരമൂറുന്ന ഓർമകൾ സമ്മാനിച്ച തരംഗിണി ഓണപ്പാട്ടുകൾ വീണ്ടുമെത്തുന്നു. 20 വർഷങ്ങൾക്കുശേഷം തരംഗിണിയുടെ യുട്യൂബ്‌ ചാനലിലൂടെയാണ്‌ സംഗീതപ്രേമികൾക്കായി ഓണപ്പാട്ട്‌ എത്തിയത്‌.

## Article Content

**കൊച്ചി : ** മലയാളികൾക്ക്‌ ഓണത്തിന്റെ മധുരമൂറുന്ന ഓർമകൾ സമ്മാനിച്ച തരംഗിണി ഓണപ്പാട്ടുകൾ വീണ്ടുമെത്തുന്നു. 20 വർഷങ്ങൾക്കുശേഷം തരംഗിണിയുടെ യുട്യൂബ്‌ ചാനലിലൂടെയാണ്‌ സംഗീതപ്രേമികൾക്കായി ഓണപ്പാട്ട്‌ എത്തിയത്‌.

ഗാനഗന്ധർവൻ യേശുദാസാണ്‌ ‘ഉണരും ഓർമതൻ പൂക്കളം, ഉയരും പൂവിളി മേളനം’ എന്ന ഗാനം ശ്വേത മോഹനൊപ്പം ആലപിച്ചത്‌. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക്‌ സാൽഗിൻ കളപ്പുരയാണ്‌ സംഗീതം. പച്ചപ്പ്‌ നിറഞ്ഞ തൊടികളും പാടങ്ങളും പഴയ തറവാടും ഓണാഘോഷവുമെല്ലാം നിറയുന്ന ‘പൊന്നോണത്താളം’ വീഡിയോ സംഗീത ആൽബമാണ്‌ ശനിയാഴ്‌ച യുട്യൂബിൽ റിലീസായത്‌.

എറണാകുളത്ത്‌ നടന്ന ചടങ്ങിൽ റിലീസായ ആൽബം ഇതിനകം അരലക്ഷത്തിലധികംപേർ കണ്ടു. അനിൽ രാധാകൃഷ്ണനാണ്‌ സംവിധായകൻ. ശരത്‌ ഘോഷ്‌ കാമറ. യേശുദാസ്‌ അമേരിക്കയിൽനിന്ന്‌ റെക്കോഡ്‌ ചെയ്‌താണ്‌ പാട്ട്‌ നൽകിയത്‌. മലയാളികൾ നെഞ്ചേറ്റിയ ഒന്നായിരുന്നു യേശുദാസിന്റെ തരംഗിണിയിലെ ഓണപ്പാട്ടുകൾ.

1982 മുതൽ 2003 വരെ എല്ലാ വർഷവും തരംഗിണിയിൽനിന്നുള്ള ഓണപ്പാട്ടുകൾ വിപണിയിൽ എത്തിയിരുന്നു. സിനിമാഗാനങ്ങളെക്കാൾ ഹൃദ്യമായ ഓണപ്പാട്ടുകളെ രണ്ടു കൈയും നീട്ടി മലയാളികൾ സ്വീകരിച്ചു. 1982 ആഗസ്ത്‌ 25ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ തരംഗിണി സ്റ്റുഡിയോയിൽ ആദ്യത്തെ ഓണപ്പാട്ടുകൾ പ്രകാശിപ്പിച്ചു.

ഒ എൻ വി കുറുപ്പ് രചിച്ച് ആലപ്പി രങ്കനാഥ് സംഗീതം നൽകിയ 10 ഗാനങ്ങളും കേരള വാദ്യസംഗീതവും കാസറ്റിലുണ്ടായിരുന്നു. നാലുമണിപ്പൂവേ നാലുമണിപ്പൂവേ എന്ന ഹിറ്റ്ഗാനം ഈ ആൽബത്തിലേതായിരുന്നു. 1983ൽ ശ്രീകുമാരൻ തമ്പി–-രവീന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ ഉത്സവഗാനങ്ങൾ എന്ന പേരിലെത്തി.

യേശുദാസ്, എസ്‌ ജാനകി എന്നിവർ ആലപിച്ച 10 ശ്രവണസുന്ദര ഗാനങ്ങളിൽ ഉത്രാട പൂനിലാവേ വാ സൂപ്പർഹിറ്റായി. എൻ ഹൃദയപ്പൂത്താലം എന്ന ഗാനവും മലയാളിമനസ്സുകളിൽ ഇടംനേടി. ആവണിപ്പൂക്കൾ, ആവണിത്തെന്നൽ, ആവണിത്താലം, ആവണിപ്പൂച്ചെണ്ട് തുടങ്ങിയ പേരുകളിൽ ഗാനങ്ങളുടെ കാസറ്റുകൾ പുറത്തിറങ്ങി.

ചിത്ര, സുജാത, പി സുശീല തുടങ്ങിയവരും പാട്ടുകൾ പാടി. യൂസഫലി കേച്ചേരി, പി ഭാസ്കരൻ, ബിച്ചു തിരുമല, -എം എസ് വിശ്വനാഥൻ, ഔസേപ്പച്ചൻ, വി മധുസൂദനൻനായർ, രവീന്ദ്ര ജയിൻ, ആലപ്പി രങ്കനാഥ്, ഭരണിക്കാവ്‌ ശിവകുമാർ, ആർ കെ ദാമോദരൻ തുടങ്ങിയ പ്രതിഭകൾ ഗാനങ്ങളൊരുക്കി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/140901/onapatta-ready-tarangini-onapattas-are-coming-again)