---
title: "#accident | ദേശീയപാതയിൽ കെഎസ്ആർടിസി ബസും മീൻവണ്ടിയും കൂട്ടിയിടിച്ചു പത്തു പേർക്കു പരുക്ക്"
english_title: "Ten #people were injured in a collision between a #KSRTC #bus and a fish cart on the #national #highway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/140615/ten-people-were-injured-in-a-collision-between-a-ksrtc-bus-and-a-fish-cart-on-the-national-highway"
published_at: "2023-08-21T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2be0a49f33_accident.jpg"
keywords: []
---

# #accident | ദേശീയപാതയിൽ കെഎസ്ആർടിസി ബസും മീൻവണ്ടിയും കൂട്ടിയിടിച്ചു പത്തു പേർക്കു പരുക്ക്

> **Lead Summary:** **വരാപ്പുഴ :** ദേശീയപാതയിൽ കോട്ടുവള്ളി അത്താണി വളവിൽ കെഎസ്ആർടിസി ബസും മീൻവണ്ടിയും കൂട്ടിയിടിച്ചു പത്തു പേർക്കു പരുക്ക്.

## Article Content

**വരാപ്പുഴ :** ദേശീയപാതയിൽ കോട്ടുവള്ളി അത്താണി വളവിൽ കെഎസ്ആർടിസി ബസും മീൻവണ്ടിയും കൂട്ടിയിടിച്ചു പത്തു പേർക്കു പരുക്ക്.

സാരമായി പരുക്കേറ്റ ബസ് ഡ്രൈവർ കായംകുളം സ്വദേശി എം.വിമലിനെ (41) ആസ്റ്റർ മെഡ്സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആന്തരിക അവയവങ്ങൾക്കു പരുക്കേറ്റതിനെ തുടർന്നു ശസ്ത്രക്രിയ നടത്തി.

ഇതിനുപുറമെ കൈക്കു പരുക്കേറ്റ ബസ് കണ്ടക്ടർ കായംകുളം സ്വദേശി എ.ടി.റിയാസ് (39), യാത്രക്കാരായ കോഴിക്കോട് ചേളന്നൂർ സ്വദേശിനി ബേബി (50), ആലപ്പുഴ അരൂർ കണക്കവേലിൽ കെ.വി.മാലതി (63), മീൻ വണ്ടിയുടെ ഡ്രൈവർ ഉഡുപ്പി സ്വദേശി ഇർഫാൻ (40) എന്നിവരെ ആസ്റ്റർ മെഡ്സിറ്റിയിലും എറണാകുളം ലിസി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

ചെറിയ പരുക്കുകളേറ്റ 5 പേരെ പറവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ രാവിലെ എട്ടു മണിയോടെയാണു അപകടം. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു.

സംഭവം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മീൻ വണ്ടിയുടെ ഡ്രൈവർ സീറ്റിൽ കുടുങ്ങിയ ഇർഫാനെ ഫയർഫോഴ്സ് എത്തിയാണു നാട്ടുകാരുടെ സഹായത്തോടെ പുറത്തിറക്കിയത്.

കെഎസ്ആർടിസി ബസ് അത്താണി വളവിലൂടെ വേഗത്തിൽ വരുന്നതു കണ്ടു മീൻ വണ്ടി വേഗം കുറച്ചു സൈഡ് നൽകിയതിനാൽ വലിയ അപകടം ഒഴിവായതായി നാട്ടുകാർ പറഞ്ഞു കായംകുളത്തു നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ് 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/140615/ten-people-were-injured-in-a-collision-between-a-ksrtc-bus-and-a-fish-cart-on-the-national-highway)