---
title: "#atham | അത്തച്ചമയ ഘോഷയാത്ര ഇന്ന്;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും"
english_title: "#Chief #Minister will inaugurate the #Attachamaya procession today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/140400/chief-minister-will-inaugurate-the-attachamaya-procession-today"
published_at: "2023-08-20T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e182757cc3a_atham2.jpg"
keywords: []
---

# #atham | അത്തച്ചമയ ഘോഷയാത്ര ഇന്ന്;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **തൃപ്പൂണിത്തുറ : ** രാജനഗരിക്ക് വർണക്കാഴ്ചകൾ ഒരുക്കി, ഓണാഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്ന ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഞായറാഴ്‌ച നടക്കും.

## Article Content

**തൃപ്പൂണിത്തുറ : ** രാജനഗരിക്ക് വർണക്കാഴ്ചകൾ ഒരുക്കി, ഓണാഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്ന ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഞായറാഴ്‌ച നടക്കും.

രാവിലെ ഒമ്പതിന് അത്തംനഗറിൽ (ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്‌) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും. നടന്‍ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്രയ്‌ക്ക് തുടക്കമാകും.

നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും നാടൻകലാരൂപങ്ങളും അണിനിരക്കുന്ന വർണശബളമായ ഘോഷയാത്ര അത്തംനഗറിന്റെ പടിഞ്ഞാറേ കവാടംവഴി റോഡിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് ആശുപത്രിപ്പടി, സ്റ്റാച്യു ജങ്ഷന്‍, കിഴക്കേകോട്ട, എസ്എൻ ജങ്ഷന്‍, വടക്കേകോട്ട, ശ്രീ പൂർണത്രയീശ ക്ഷേത്രത്തിനുമുന്നിലൂടെ സ്റ്റാച്യു ജങ്ഷന്‍ വഴി തിരികെ അത്തംനഗറിൽ എത്തി സമാപിക്കും.

കോവിഡ് സമയത്തും പ്രളയക്കെടുതിയിലും മുടങ്ങുകയും ആർഭാടം മങ്ങുകയും ചെയ്ത അത്തം ഘോഷയാത്ര ഇക്കുറി പൂർവാധികം ഭംഗിയോടെയാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. ഘോഷയാത്രയിൽ അണിനിരക്കുന്ന നാടൻകലാരൂപങ്ങളിലും നിശ്ചലദൃശ്യങ്ങളിലും കൂടുതൽ വൈവിധ്യമാർന്ന ഇനങ്ങളുണ്ടാകും.

അവധിദിവസം നടക്കുന്ന ഘോഷയാത്രയായതുകൊണ്ട്‌ പതിവിൽ കവിഞ്ഞ ജനക്കൂട്ടം എത്തും. പതിവിന് വിപരീതമായി ഒരുമാസംമുമ്പേ ആരംഭിച്ച ഒരുക്കങ്ങളും അത്താഘോഷത്തിന്റെ മുന്നോടിയായുള്ള കലാമത്സരങ്ങളിലെ പങ്കാളിത്തവും ഇക്കുറി അത്തം ഘോഷയാത്ര കൂടുതൽ നിറപ്പകിട്ടാർന്നതാകുമെന്ന സംഘാടകരുടെ ഉറപ്പിന് അടിവരയിടുന്നു.

അത്താഘോഷത്തിന്റെ ഭാഗമായുള്ള പൂക്കളമത്സരം ഞായർ രാവിലെ 10ന്‌ സിയോൺ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. പകൽ മൂന്നുമുതൽ പൂക്കളപ്രദർശനവും നടക്കും. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തിൽ നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണംവരെ നീണ്ടുനിൽക്കുന്ന കലാവിരുന്നിനും തുടക്കമാകും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/140400/chief-minister-will-inaugurate-the-attachamaya-procession-today)