---
title: "#kochi | ഗവ. മെഡിക്കൽ കോളജിന്റെ വികസനം;പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "#Govt. Development of #medical #college; new #bus flagged off"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/139757/govt-development-of-medical-college-new-bus-flagged-off"
published_at: "2023-08-17T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de3342818f5_bus.jpg"
keywords: []
---

# #kochi | ഗവ. മെഡിക്കൽ കോളജിന്റെ വികസനം;പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** **കളമശേരി : ** എറണാകുളം ഗവ. മെഡിക്കൽ കോളജിന്റെ വികസനത്തിനു രാഷ്ട്രീയത്തിന് ഉപരിയായി പരിപൂർണ പിന്തുണ നൽകുമെന്നു ഹൈബി ഈഡൻ എംപി. ഗവ.മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനു എംപി ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**കളമശേരി : ** എറണാകുളം ഗവ. മെഡിക്കൽ കോളജിന്റെ വികസനത്തിനു രാഷ്ട്രീയത്തിന് ഉപരിയായി പരിപൂർണ പിന്തുണ നൽകുമെന്നു ഹൈബി ഈഡൻ എംപി. ഗവ.മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനു എംപി ഫണ്ടിൽ നിന്ന് അനുവദിച്ച ബസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

എംപിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ മുടക്കിയാണ് പുതിയ ബസ് വാങ്ങിയത്. കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ കുട്ടികൾക്ക് ഗ്രാമങ്ങളിൽ മെഡിക്കൽ ക്യാംപുകൾ നടത്തുന്നതിനും പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണു ബസ് ഉപയോഗിക്കുക. നിലവിൽ വൈപ്പിൻ മണ്ഡലത്തിലെ പിഴല ഗ്രാമത്തെയാണു തിരഞ്ഞെടുത്തിരിക്കുന്നത്.

കോവിഡ് സമയത്ത് എംപി ഫണ്ടിൽ നിന്നു ഒരു കോടിരൂപ ചെലവഴിച്ചു മെഡിക്കൽ കോളജിലേക്ക് വെന്റിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയിരുന്നു. എംപിയുടെ ഫണ്ടിൽ നിന്നും മെഡിക്കൽ കോളജിലേക്ക് വാങ്ങിയ ആർടിപിസിആർ കിറ്റുകൾ ഉപയോഗിച്ചാണു ജില്ലയിൽ ആദ്യമായി കോവിഡ് ടെസ്റ്റുകൾ ആരംഭിച്ചതെന്നും അദ്ദേഹം ഓർമിച്ചു.

കേന്ദ്രസർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളജിന് 1.5 കോടി രൂപ മുടക്കി ഓക്സിജൻ ജനറേറ്റർ പിഎസ്എ പ്ലാന്റ് സ്ഥാപിച്ചിരുന്നു. 

പിഎം ആയുഷ്മാൻ ഭാരത്‌ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ ഭാഗമായി 23.75 കോടി രൂപ ചെലവ് വരുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റ് മെഡിക്കൽ കോളജിന് അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ടെൻഡർ നടപടികൾ നടന്ന് വരികയാണെന്നും എത്രയും പെട്ടെന്നു പദ്ധതി പൂർത്തീകരിക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

നഗരസഭാധ്യക്ഷ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു. കലക്ടർ എൻ.എസ്.കെ.ഉമേഷ്‌, സ്ഥിരസമിതി എ.കെ.നിഷാദ്, കൗൺസിലർ കെ.കെ.ശശി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.പ്രതാപ് സോംനാഥ്, വൈസ് പ്രിൻസിപ്പൽ ഡോ.അനിൽകുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.ഗീത നായർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ബിന്ദു വാസുദേവൻ പിടിഎ പ്രസിഡന്റ് ഡോ.ബി രാജീവ്, വിദ്യാർഥി യൂണിയൻ ചെയർമാൻ വി.എസ്.വിനയ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/139757/govt-development-of-medical-college-new-bus-flagged-off)