---
title: "#volleyball | നാട്ടിലെ വോളിബോൾ പരിശീലനം കരുത്താക്കി എറിൻ രാജ്യാന്തര വോളിബോൾ ചാംപ്യൻഷിപ്പിന്"
english_title: "#Erin strengthened local #volleyball training for the #international volleyball #championship"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/139528/erin-strengthened-local-volleyball-training-for-the-international-volleyball-championship"
published_at: "2023-08-17T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd7f6150d2e_volley.jpg"
keywords: []
---

# #volleyball | നാട്ടിലെ വോളിബോൾ പരിശീലനം കരുത്താക്കി എറിൻ രാജ്യാന്തര വോളിബോൾ ചാംപ്യൻഷിപ്പിന്

> **Lead Summary:** **അങ്കമാലി :** ഏഷ്യൻ സീനിയർ പുരുഷ വോളിബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ കറുകുറ്റി മൂന്നാംപറമ്പ് സ്വദേശി എറിൻ വർഗീസിനു കരുത്തായത് നാട്ടിലെ വോളിബോൾ പരിശീലനം.

## Article Content

**അങ്കമാലി :** ഏഷ്യൻ സീനിയർ പുരുഷ വോളിബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ കറുകുറ്റി മൂന്നാംപറമ്പ് സ്വദേശി എറിൻ വർഗീസിനു കരുത്തായത് നാട്ടിലെ വോളിബോൾ പരിശീലനം.

എറിന് രാജ്യാന്തര ചാംപ്യൻഷിപ്പിനുള്ള ടീമിൽ ഇടംനേടാനായതിന്റെ ആഹ്ലാദത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. അങ്കമാലിയിലെ പഴയ വോളിബോൾ കളിക്കാരിൽ ഒരാളായ കെ.ഡി.തോമസായിരുന്നു എറിന്റെ മുഖ്യപരിശീലകൻ. മൂന്നാംപറമ്പ് കാർമൽ വോളി ക്ലബ്ബിലായിരുന്നു എറിൻ കളിച്ചുതുടങ്ങിയത്.

മൂക്കന്നൂർ സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂളിൽ പഠിക്കുമ്പോൾ നാട്ടിലെ ക്ലബ്ബിൽ സജീവമായിരുന്നു. ഹയർ സെക്കൻഡറി പഠനത്തിനായി കോട്ടയം ഗിരിദീപം സ്കൂളിലേക്കു പോയപ്പോൾ ഹോസ്റ്റലിൽ നിന്നായി പഠനം.

ബിരുദപഠനത്തിനായി അങ്കമാലി ഡിസ്റ്റ് കോളജിലേക്ക് തിരികെ വന്നപ്പോൾ നാട്ടിലെ സുഹൃത്തുക്കൾക്കൊപ്പം വോളിബോൾ കളിക്കാൻ വീണ്ടും അവസരമായി. ഡിസ്റ്റ് ടീമിൽ വന്നപ്പോൾ കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ സാധിച്ചത് ഏഷ്യൻ സീനിയർ ടീമിൽ ഇടംനേടുന്നതിനു മുതൽക്കൂട്ടായി.

ദേശീയ യൂത്ത് വോളിബോൾ ചാംപ്യൻഷിപ് വിജയിച്ച കേരള ടീമിലും അംഗമാകാൻ കഴിഞ്ഞു. പ്രൈം വോളിയിൽ കൊച്ചിൻ ബ്ലൂ സ്പൈക്കേഴ്സ് ടീമിലും കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഏഷ്യൻ സീനിയർ പുരുഷ വോളിബോൾ ചാംപ്യൻഷിപ്പിൽ മികച്ച മത്സരം പുറത്തെടുത്ത് ലോകവോളി ചാംപ്യൻഷിപ്പിൽ പങ്കെടുക്കണമെന്നതാണ് ലക്ഷ്യമെന്ന് എറിൻ പറഞ്ഞു.

മൂന്നാംപറമ്പ് കല്ലറയ്ക്കൽ കെ.എൽ.വർഗീസിന്റെയും ആനീസിന്റെയും മകനാണ്. അനുജൻ അരുൺ വർഗീസ് ഫിസാറ്റിൽ എംബിഎ വിദ്യാർഥിയാണ്. ഏഷ്യൻ സീനിയർ പുരുഷ വോളിബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനു ബെംഗളൂരു സായിയിൽ ഒരു മാസത്തെ പരിശീലനക്യാംപ് ഉണ്ടായിരുന്നു.

ഇന്ത്യൻ ടീം ഇന്നലെ ഡൽഹിയിലെത്തി. ഇന്ന് ഇറാനിലേക്കു പോകും.19 മുതൽ 26 വരെയാണു ചാംപ്യൻഷിപ് . ഇ ഗ്രൂപ്പിൽ കളിക്കുന്ന ഇന്ത്യ 19ന് ഖത്തറിനെയും 21 ന് അഫ്ഗാനിസ്ഥാനെയും നേരിടും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/139528/erin-strengthened-local-volleyball-training-for-the-international-volleyball-championship)