---
title: "#perumbavoor | രാജ്യാന്തര വിമാനത്താവളത്തിലേക്ക് എളുപ്പവഴി;  വല്ലം–പാറപ്പുറം പാലം യാത്രക്കാർക്കു തുറന്നു കൊടുക്കാൻ സജ്ജമായി"
english_title: "Easy access to #international #airport; The #Vallam-#Parappuram bridge is all set to open to #passengers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138843/easy-access-to-international-airport-the-vallam-parappuram-bridge-is-all-set-to-open-to-passengers"
published_at: "2023-08-14T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9cde62099b_paalam.jpg"
keywords: []
---

# #perumbavoor | രാജ്യാന്തര വിമാനത്താവളത്തിലേക്ക് എളുപ്പവഴി;  വല്ലം–പാറപ്പുറം പാലം യാത്രക്കാർക്കു തുറന്നു കൊടുക്കാൻ സജ്ജമായി

> **Lead Summary:** **പെരുമ്പാവൂർ :** ആലുവ–പെരുമ്പാവൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ നിർമിച്ച വല്ലം–പാറപ്പുറം പാലം യാത്രക്കാർക്കു തുറന്നു കൊടുക്കാൻ സജ്ജമായി. 24ന് 10ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

## Article Content

**പെരുമ്പാവൂർ :** ആലുവ–പെരുമ്പാവൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ നിർമിച്ച വല്ലം–പാറപ്പുറം പാലം യാത്രക്കാർക്കു തുറന്നു കൊടുക്കാൻ സജ്ജമായി. 24ന് 10ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

പെരുമ്പാവൂർ നഗരസഭയിലെ വല്ലം കടവിനെയും കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന് 23 കോടി രൂപയാണു നിർമാണ ചെലവ്. ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക്  എത്തുന്നവർക്ക് എളുപ്പവഴിയായി മാറും.

9 സ്പാനുകളുണ്ട്. 289.45 മീറ്റർ നീളവും ഇരുവശത്തും നടപ്പാത ഉൾപ്പെടെ 11.23 മീറ്റർ വീതിയുമുണ്ട്. 23 കോടി രൂപയുടെ സാങ്കേതിക അനുമതിയോടെ 2016 ൽ ആരംഭിച്ച പാലത്തിന്റെ നിർമാണം പ്രളയവും, ആദ്യം കരാർ ഏറ്റെടുത്ത കമ്പനി പിന്മാറിയതും മൂലവും മന്ദഗതിയിലായിരുന്നു.

നിർമാണം പൂർത്തിയാകുന്നതോടെ പാറപ്പുറം വല്ലം കടവ് പാലം കാലടി ശ്രീശങ്കര പാലത്തിനും എംസി റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈപാസായി പ്രവർത്തിക്കും. മറ്റു ജില്ലകളിൽ നിന്ന് എംസി റോഡ് വഴി വിമാനത്താവളത്തിലേക്കു പോകുന്നവർക്ക് കാലടി കാലടി ടൗൺ ഒഴിവാക്കി പോകാം.

പുതിയ പാലം വരുന്നതോടെ കാഞ്ഞൂരിൽ നിന്ന് പെരുമ്പാവൂരിലെത്താൻ 6 കിലോമീറ്റർ ലാഭിക്കാം. പെരിയാറിന്റെ ഇരുകരകളിലുമുള്ള കാഞ്ഞൂർ സെന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. കാഞ്ഞൂർ പാറപ്പുറം പ്രദേശങ്ങളിലെ വികസനത്തിനും പാലം വഴിയൊരുക്കും. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് ഭരണാനുമതി ലഭിഭിച്ചത്. 2016 ൽ നിർമാണം തുടങ്ങി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138843/easy-access-to-international-airport-the-vallam-parappuram-bridge-is-all-set-to-open-to-passengers)