---
title: "#kochi |  രാജ്യത്തിനുതന്നെ മാതൃകയാകുന്ന  പുനരധിവാസ പദ്ധതികള്‍ അതിവേഗം പൂർത്തിയാക്കി കൊച്ചി"
english_title: "#Kochi has completed two #rehabilitation projects which are exemplary for the #country"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/137309/kochi-has-completed-two-rehabilitation-projects-which-are-exemplary-for-the-country"
published_at: "2023-08-08T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1a8df56ca8_bhavanam.jpg"
keywords: []
---

# #kochi |  രാജ്യത്തിനുതന്നെ മാതൃകയാകുന്ന  പുനരധിവാസ പദ്ധതികള്‍ അതിവേഗം പൂർത്തിയാക്കി കൊച്ചി

> **Lead Summary:** **കൊച്ചി :** രാജ്യത്തിനുതന്നെ മാതൃകയാകുന്ന രണ്ടു പുനരധിവാസ പദ്ധതികളാണ്‌ കൊച്ചി നഗരസഭയ്‌ക്കുകീഴിൽ അതിവേഗം പൂർത്തിയാകുന്നത്‌. മഹാനഗരത്തിലെ ഭൂ–-ഭവന രഹിതരായ 483 കുടുംബങ്ങളെ സ്വന്തമായി വീടുള്ളവരാക്കുകയാണ്‌ ഫോർട്ട്‌ കൊച്ചി തുരുത്തിയിലെയും തോപ്പുംപടി മുണ്ടംവേലിയിലെയും ഭവനസമുച്ചയങ്ങൾ.

## Article Content

**കൊച്ചി :** രാജ്യത്തിനുതന്നെ മാതൃകയാകുന്ന രണ്ടു പുനരധിവാസ പദ്ധതികളാണ്‌ കൊച്ചി നഗരസഭയ്‌ക്കുകീഴിൽ അതിവേഗം പൂർത്തിയാകുന്നത്‌. മഹാനഗരത്തിലെ ഭൂ–-ഭവന രഹിതരായ 483 കുടുംബങ്ങളെ സ്വന്തമായി വീടുള്ളവരാക്കുകയാണ്‌ ഫോർട്ട്‌ കൊച്ചി തുരുത്തിയിലെയും തോപ്പുംപടി മുണ്ടംവേലിയിലെയും ഭവനസമുച്ചയങ്ങൾ.

83 കുടുംബങ്ങൾക്ക്‌ തണലാകുന്ന മുണ്ടംവേലിയിലെ ഭവനസമുച്ചയം ഓണത്തിന്‌ കൈമാറാനാകുംവിധം നിർമാണം പൂർത്തിയാകുന്നു. 400 കുടുംബങ്ങൾക്ക്‌ തണലാകുന്ന തുരുത്തി ഭവനസമുച്ചയം ഡിസംബറോടെ നിർമാണം പൂർത്തിയാക്കി പുതുവർഷത്തിൽ കൈമാറാനാണ്‌ നഗരസഭ ലക്ഷ്യമിടുന്നത്‌.

രാജ്യത്തെ ഏറ്റവും വലിയ ചേരി പുനരധിവാസ പദ്ധതിയാകും ഫോർട്ട്‌ കൊച്ചിയിലെ തുരുത്തി ഭവനസമുച്ചയം. ആകെ 12 നിലകളുള്ള രണ്ടു കൂറ്റൻ സമുച്ചയങ്ങളാണ്‌ പൂർത്തിയാകുന്നത്‌. അതിൽ ഒന്നിന്റെ നിർമാണം അവസാനഘട്ടത്തിലാണ്‌. 12 നിലയും പൂർത്തിയായി.

ഭിത്തിനിർമാണം പൂർത്തിയാക്കി ഉൾഭാഗത്തെ വൈദ്യുതീകരണം ഉൾപ്പെടെയുള്ള ജോലികൾ പുരോഗമിക്കുന്നു. 320 ചതുരശ്രയടി വിസ്‌തീർണമാണ്‌ ഓരോ അപ്പാർട്ട്‌മെന്റിനുമുള്ളത്‌. കിടപ്പുമുറികൾ, അടുക്കള, ഹാൾ, ശുചിമുറി, ബാൽക്കണി എന്നിവയാണ്‌ ഓരോന്നിനുമുള്ളത്‌.

2017ലാണ്‌ നിർമാണം തുടങ്ങിയത്‌. 36 കോടി രൂപയാണ്‌ കേന്ദ്രസഹായത്തോടെയുള്ള പദ്ധതിയുടെ ചെലവ്‌. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്താണ്‌ ഭവനസമുച്ചയം ഉയരുന്നത്‌. കിഫ്‌ബിയുടെ സഹകരണത്തോടെ സ്‌മാർട്ട്‌ മിഷനിൽനിന്നുള്ള 46 കോടി രൂപ ചെലവഴിച്ചാണ്‌ രണ്ടാംസമുച്ചയം നിർമിക്കുന്നത്‌. ഏഴുനിലകൾ പൂർത്തിയായി.

200 അപ്പാർട്ട്‌മെന്റുകളാണ് ഓരോന്നിലുമുള്ളത്. 400 അപ്പാർട്ട്‌മെന്റ്‌ ഡിസംബറിൽ നിർമാണം പൂർത്തിയാക്കി ജനുവരിയിൽ പുതുവത്സരസമ്മാനമായി കൈമാറാൻ മേയയർ എം അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.

നഗരത്തിലെ പി ആൻഡ്‌ ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായാണ്‌ രണ്ടു ബ്ലോക്കുകളായി മുണ്ടംവേലിയിൽ ഭവനസമുച്ചയം ഒരുങ്ങിയിട്ടുള്ളത്‌. ജിസിഡിഎയുടെ 70 സെന്റ്‌ സ്ഥലത്താണ്‌ നിർമാണം. രണ്ടു കിടപ്പുമുറികൾ, ശുചിമുറി, ഹാൾ, അടുക്കള എന്നിവ ഉൾപ്പെടെ 374 ചതുരശ്രയടിയാണ്‌ വിസ്‌തീർണം.

പൊതു വിശ്രമമുറി, വായനമുറി, ഡേ കെയർ റൂം, ഓപ്പൺ ടെറസ്‌ എന്നിവയും ഉണ്ടാകും. ലൈഫ്‌ മിഷനിൽ 14.61 കോടി രൂപ ചെലവിലാണ്‌ നിർമാണം. 40 അപ്പാർട്ട്‌മെന്റുകളുള്ള ഒന്നാംബ്ലോക്കിന്റെ വൈദ്യുതീകരണവും പ്ലംബിങ്ങും പൂർത്തിയായി. രണ്ടാംബ്ലോക്കിന്റെ അവസാനവട്ട ജോലികൾ പുരോഗമിക്കുന്നു.

പ്രീ എൻജിനിയറിങ് സാങ്കേതികവിദ്യയിൽ ഉരുക്കും എസിസി കട്ടകളും ഉപയോഗിച്ചായിരുന്നു നിർമാണം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/137309/kochi-has-completed-two-rehabilitation-projects-which-are-exemplary-for-the-country)