---
title: "#aaluva | തെളിവെടുപ്പിനിടെ കൊല്ലുമെന്ന് അലറിക്കരഞ്ഞ് അമ്മ; ഞങ്ങൾക്ക് വിട്ടുതരൂ എന്നു നാട്ടുകാർ"
english_title: "#Mother screams that she will kill her during the taking of #evidence; The #locals said leave it to us"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/137038/mother-screams-that-she-will-kill-her-during-the-taking-of-evidence-the-locals-said-leave-it-to-us"
published_at: "2023-08-07T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d07cb7599e5_aaluva2.jpg"
keywords: []
---

# #aaluva | തെളിവെടുപ്പിനിടെ കൊല്ലുമെന്ന് അലറിക്കരഞ്ഞ് അമ്മ; ഞങ്ങൾക്ക് വിട്ടുതരൂ എന്നു നാട്ടുകാർ

> **Lead Summary:** **ആലുവ : ** ‘ഞാനവനെ കൊല്ലും’. കയ്യിൽ ഇരുമ്പു പൈപ്പുമായി ഹിന്ദിയിൽ അലറി നിലവിളിച്ച് ആ അമ്മ പ്രതിയുടെ നേർക്കു പാഞ്ഞടുത്തതു പെട്ടെന്നാണ്. പൊലീസുകാരും ഭർത്താവും ചേർന്നു തടഞ്ഞിട്ടും നിൽക്കാതെ കുതറിയോടാൻ ശ്രമിച്ച അവരെ കീഴ്പെടുത്തി തിരികെ വീട്ടിലെത്തിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു.

## Article Content

**ആലുവ : ** ‘ഞാനവനെ കൊല്ലും’. കയ്യിൽ ഇരുമ്പു പൈപ്പുമായി ഹിന്ദിയിൽ അലറി നിലവിളിച്ച് ആ അമ്മ പ്രതിയുടെ നേർക്കു പാഞ്ഞടുത്തതു പെട്ടെന്നാണ്. പൊലീസുകാരും ഭർത്താവും ചേർന്നു തടഞ്ഞിട്ടും നിൽക്കാതെ കുതറിയോടാൻ ശ്രമിച്ച അവരെ കീഴ്പെടുത്തി തിരികെ വീട്ടിലെത്തിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു.

വീണ്ടും കസേരയെടുത്ത് അടിക്കാനൊരുങ്ങിയപ്പോൾ മനസ്സ് ശാന്തമാകാൻ കുറച്ചു നേരത്തേക്കു മുറിയിൽ നിർബന്ധിച്ച് ഇരുത്തി. 5 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലമിനെ താമസസ്ഥലത്തു തെളിവെടുപ്പിന് എത്തിച്ചപ്പോഴാണു കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ടത്.

തെളിവെടുപ്പിന് എത്തിച്ച സ്ഥലത്തൊക്കെ ജനങ്ങൾ തടിച്ചുകൂടി. ‘അവനെ ഞങ്ങൾക്കു വിട്ടു തരൂ’ എന്ന് അവർ പൊലീസിനോടു വിളിച്ചുപറയുന്നുണ്ടായിരുന്നു. കോടതി 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ട അസഫാക് ആലമിനെ രണ്ടാംഘട്ട തെളിവെടുപ്പിനാണ് ഇന്നലെ സ്റ്റേഷനിൽ നിന്നു പുറത്തിറക്കിയത്.

ആലുവ മാർക്കറ്റിൽ രണ്ടിടത്തും ബൈപാസ് സർവീസ് റോഡ്, തായിക്കാട്ടുകര ഗാരിജ്, ബവ്റിജസ് ഔട്‌ലെറ്റ് പരിസരം എന്നിവിടങ്ങളിലെ 3 കടകളിലും പ്രതി താമസിച്ചിരുന്ന ഗാരിജ് കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളിലെ മുറികളിലുമാണ് തെളിവെടുപ്പു നടത്തിയത്.

ഏഴിടത്തു തെളിവെടുപ്പു നടത്താൻ ഒന്നര മണിക്കൂർ എടുത്തു.രാവിലെ 11.10ന് ആലുവ മാർക്കറ്റിൽ നിന്ന് ആരംഭിച്ച നടപടികൾ പൂർത്തിയാക്കി പ്രതിയെ തിരികെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ 12.42. കൊലപാതകം നടന്ന ആലുവ മാർക്കറ്റിനു പിന്നിലെ പുഴയോരത്താണ് ആദ്യം കൊണ്ടുവന്നത്. 50 അംഗ പൊലീസ് സംഘം സുരക്ഷയൊരുക്കി. അവിടെ സംഭവിച്ചതെല്ലാം പ്രതി ഒന്നൊന്നായി അന്വേഷണ ഉദ്യോഗസ്ഥരോടു വിവരിച്ചു.

തുടർന്നു മാർക്കറ്റിന്റെ വടക്കുഭാഗത്തു കൊലപാതകം കഴിഞ്ഞു പ്രതി കൈകാലുകൾ കഴുകിയ ടാപ്പിന്റെ അടുത്തെത്തിച്ചു. ബൈപാസ് സർവീസ് റോഡിലെ ഒരു കടയിൽ നിന്നു പ്രതി മണ്ണെണ്ണ സ്റ്റൗവിന്റെ 2 പിൻ വാങ്ങിയിരുന്നു. ഈ പിന്നുകളിൽ ഒന്ന് സംഭവസ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തു.

ഈ കടയുടെ ഉടമ പ്രതിയെയും പിന്നും തിരിച്ചറിഞ്ഞു. മിനി സിവിൽ സ്റ്റേഷൻ റോഡിൽ സംഭവത്തിനു ശേഷം മദ്യപിച്ച് അടിപിടി ഉണ്ടാക്കിയ സ്ഥലത്തെ ഇലക്ട്രിക്കൽ കടയിലേക്കാണ് പിന്നീടു പോയത്. അതിനുശേഷം താമസിച്ചിരുന്ന മുറിയിലും കുഞ്ഞിനു ജ്യൂസ് വാങ്ങിക്കൊടുത്തകടയിലും മുൻപു താമസിച്ചിരുന്ന കുഞ്ഞുണ്ണിക്കര മരങ്ങാട്ട് ജംക്‌ഷനിലെ വാടകവീട്ടിലും എത്തിച്ചു.

എല്ലായിടത്തും സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ അതേ ഉയരത്തിലും തൂക്കത്തിലും തയാറാക്കിയ ഡമ്മി ഉപയോഗിച്ചിരുന്നില്ല. കൈവശം ഉണ്ടായിരുന്ന ഫോൺ ഇവിടെയെത്തി ഒന്നര മാസം കഴിഞ്ഞ് ഉപേക്ഷിച്ചു. ആ നമ്പർ കണ്ടെത്താൻ പൊലീസ് ശ്രമിച്ചുവരുന്നു.

ഇതേസമയം, അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒരിക്കലും പുറത്തു വരാത്ത വിധത്തിൽ വിചാരണത്തടവുകാരനാക്കി വിചാരണ നടത്താൻ സർക്കാർ ശ്രമിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നു സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.

കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവർ സാദത്ത് എംഎൽഎ, സിപിഎം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, അംഗം രാജീവ് സക്കറിയ എന്നിവർ സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നു. കോൺഗ്രസ് നേതാവ് വി.എം. സുധീരനും കുഞ്ഞിന്റെ വീടു സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/137038/mother-screams-that-she-will-kill-her-during-the-taking-of-evidence-the-locals-said-leave-it-to-us)