---
title: "#ambulance | ബാരിക്കേഡിന് മുന്നിലേക്ക് എത്തിയ ആംബുലൻസ് പൊലീസ് ഇടറോഡിലേക്കു തിരിച്ചുവിട്ടു"
english_title: "The #ambulance that reached the barricade was diverted to the intersection by the #police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/135527/the-ambulance-that-reached-the-barricade-was-diverted-to-the-intersection-by-the-police"
published_at: "2023-08-01T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8ade7a29fd_ambu.jpg"
keywords: []
---

# #ambulance | ബാരിക്കേഡിന് മുന്നിലേക്ക് എത്തിയ ആംബുലൻസ് പൊലീസ് ഇടറോഡിലേക്കു തിരിച്ചുവിട്ടു

> **Lead Summary:** **പറവൂർ : ** കോൺഗ്രസിന്റെ സ്റ്റേഷൻ മാർച്ച് തടയാൻ കെട്ടിയ ബാരിക്കേഡിന് മുന്നിലേക്ക് എത്തിയ ആംബുലൻസ് പൊലീസ് ഇടറോഡിലേക്കു തിരിച്ചുവിട്ടു. ഇടറോഡ് ഗതാഗതക്കുരുക്കിലായതിനാൽ ആംബുലൻസ് തിരിച്ചു വീണ്ടും പ്രധാന റോഡിലെത്തി.

## Article Content

**പറവൂർ : ** കോൺഗ്രസിന്റെ സ്റ്റേഷൻ മാർച്ച് തടയാൻ കെട്ടിയ ബാരിക്കേഡിന് മുന്നിലേക്ക് എത്തിയ ആംബുലൻസ് പൊലീസ് ഇടറോഡിലേക്കു തിരിച്ചുവിട്ടു. ഇടറോഡ് ഗതാഗതക്കുരുക്കിലായതിനാൽ ആംബുലൻസ് തിരിച്ചു വീണ്ടും പ്രധാന റോഡിലെത്തി.

ബാരിക്കേഡ് മാറ്റി കടത്തിവിടാൻ തയാറാകാതിരുന്ന പൊലീസ് പിന്നെയും ആംബുലൻസിനെ വീതികുറഞ്ഞ ഇടറോഡിലേക്കു തന്നെ തിരിച്ചയച്ചു. മാർച്ച് നടക്കുന്നതിനാൽ ഇന്നലെ 9.30 മുതൽ 12.30 വരെ നഗരത്തിൽ ചേന്ദമംഗലം കവല മുതൽ മുനിസിപ്പൽ കവല വരെ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

മിനി സിവിൽ സ്റ്റേഷന് സമീപം ബാരിക്കേഡും സ്ഥാപിച്ചു. മുനിസിപ്പൽ കവലയിൽ നിന്ന് ആരംഭിച്ച മാർച്ച് ബാരിക്കേഡിന് സമീപം എത്തുന്നതിനു മുൻപാണ് ആംബുലൻസ് ഇവിടെയെത്തിയത്. ആംബുലൻസ് തട‍ഞ്ഞ പൊലീസ് മിനി സിവിൽ സ്റ്റേഷന് സമീപത്തെ ഇടറോഡിലൂടെ തരിച്ചു വിടുകയായിരുന്നു. പൊലീസിന്റെ നടപടി കണ്ടു നിന്നവരിലും അതൃപ്തിയുണ്ടാക്കി.

ബ്രെയിൻ ട്യൂമർ ബാധിച്ച രോഗിയുമായി നെടുമ്പാശേരി എയർപോർട്ടിൽ നിന്നു കണ്ണൂർ മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസിനാണു മാർഗതടസ്സം നേരിട്ടത്. ഡ്രൈവറും നഴ്സും രോഗിയും മാത്രമേ ആംബുലൻസിൽ ഉണ്ടായിരുന്നുള്ളൂ. രോഗിയുടെ വീടു കണ്ണൂരിലാണ്.

ദുബായിലായിരുന്ന ഇദ്ദേഹത്തിന് അവിടെവച്ചു ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർ ചികിത്സയ്ക്കാണു നാട്ടിലെത്തിയത്. വൈകിട്ട് 5 മണിയോടെയാണ് ആംബുലൻസ് കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിയത്.

3 ആഴ്ച മുൻപു താലൂക്ക് ആശുപത്രിയിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കാൻ വൈകി രോഗി മരിച്ചത് ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥയാണെന്ന പരാതി വിവാദമായ നഗരത്തിൽ തന്നെയാണു പൊലീസിന്റെ നടപടിയിൽ ആംബുലൻസിന് മാർഗതടസ്സം നേരിട്ടത്.

എന്നാൽ, വാഹനങ്ങൾ തിരിച്ചുവിടാൻ ബസ് സ്റ്റാൻഡിന‌ും കോടതിയുടെ മുന്നിലും നിയോഗിച്ചിരുന്ന പൊലീസുകാരുടെ നിർദേശം ലംഘിച്ചാണ് ആംബുലൻസ് വന്നതെന്നും വഴി തിരിച്ചു വിട്ടശേഷം വീണ്ടും മനഃപൂർവം തിരിച്ചുവരികയായിരുന്നെന്നുമാണും മാ‍ർച്ച് ആരംഭിച്ചിരുന്നെന്നുമാണ് പൊലീസിന്റെ വാദം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/135527/the-ambulance-that-reached-the-barricade-was-diverted-to-the-intersection-by-the-police)