---
title: "#moovattupuzha | സ്നേഹവീട്ടിൽ അന്തേവാസികളുടെ മരണം;മെഡിക്കൽസംഘം പരിശോധന നടത്തി "
english_title: "#Death of inmates in #Snehaveet; #Medical team conducted examination"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/135491/death-of-inmates-in-snehaveet-medical-team-conducted-examination"
published_at: "2023-08-01T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c89a124b0d1_snehaveedu.jpg"
keywords: []
---

# #moovattupuzha | സ്നേഹവീട്ടിൽ അന്തേവാസികളുടെ മരണം;മെഡിക്കൽസംഘം പരിശോധന നടത്തി 

> **Lead Summary:** **മൂവാറ്റുപുഴ :** നഗരസഭയുടെ അഗതിമന്ദിരമായ സ്നേഹവീട്ടിൽ അന്തേവാസികൾ മരിച്ചതിനെത്തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ സ്ഥിതി അറിയുന്നതിന് എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്നും ഡിഎംഒ ഓഫീസിൽനിന്നുമുള്ള സംഘം എത്തി.

## Article Content

**മൂവാറ്റുപുഴ :** നഗരസഭയുടെ അഗതിമന്ദിരമായ സ്നേഹവീട്ടിൽ അന്തേവാസികൾ മരിച്ചതിനെത്തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ സ്ഥിതി അറിയുന്നതിന് എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്നും ഡിഎംഒ ഓഫീസിൽനിന്നുമുള്ള സംഘം എത്തി.

മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം വിസിറ്റിങ്‌ പ്രൊഫസർ ഡോ. ബിന്ദു വാസുദേവന്റെ നേതൃത്വത്തിലാണ് സംഘം പരിശോധിച്ചത്. ആശുപത്രി ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള ഗീത (68), കാർത്തു (67), ജാനകി (84), ലീല (80), കുഞ്ഞുപെണ്ണ് (82), സരോജിനി (69) എന്നിവരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

രോഗസാധ്യതയുള്ളവരുടെ രക്തസാമ്പിൾ ശേഖരിച്ചു. രോഗസാധ്യതയുള്ള തങ്കമ്മയെ (79) തിങ്കളാഴ്ച മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. പരിശോധനാഫലം ലഭിച്ചശേഷമേ രോഗം കണ്ടെത്തി തുടർചികിത്സ നടത്താനാകൂവെന്ന് ഡോ. ബിന്ദു വാസുദേവൻ പറഞ്ഞു.

ത്വക് രോഗവിഭാഗവും പരിശോധന നടത്തും. അസി. പ്രൊഫസർ ഡോ. രശ്മി രാമചന്ദ്രൻ, മൈക്രോബയോളജി അസി. പ്രൊഫസർ ഡോ. പി എസ് സുഷിത, ഡോ. ശാലിനി സോമൻ, ലാബ് ടെക്നീഷ്യൻ മീര, ഡിഎംഒ ഓഫീസിൽനിന്നുള്ള ഡോ. എം എസ് രശ്മി, എപ്പിഡമോളജിസ്റ്റ് കെ ഒ വിനു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തുടർന്ന് അഗതിമന്ദിരത്തിലെത്തിയ സംഘം അവിടെ താമസിക്കുന്ന 17 പേരുടെ നിലവിലെ സ്ഥിതിയും ശാരീരികാവസ്ഥയും ചോദിച്ചറിഞ്ഞു. കഴിഞ്ഞദിവസം മരിച്ച രണ്ടുപേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പതോളജി, മൈക്രോബയോളജി വിഭാഗങ്ങളുടെ പരിശോധനാഫലങ്ങളും മെഡിക്കൽ കോളേജിലും മൂവാറ്റുപുഴയിലും ചികിത്സയിലുള്ളവരുടെ പരിശോധനാഫലങ്ങളും ലഭിച്ചശേഷമേ മറ്റു ചികിത്സയും തുടർനടപടിയുമുണ്ടാകൂ.

രോഗസാധ്യതയുള്ളവർക്കുള്ള ചികിത്സ, പരിചരണം, സ്നേഹവീട്ടിൽ കഴിയുന്നവരുടെ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുന്നതിന് മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് അനിത ബാബു പരിശോധന നടത്തിയിരുന്നു. ആർഎംഒ എൻ പി ധന്യ, ത്വക് രോഗവിഭാഗത്തിലെ ഡോ. ടി ആർ ബിന്ദു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/135491/death-of-inmates-in-snehaveet-medical-team-conducted-examination)