---
title: "#moovattupuzha | രാത്രി വൈകിയും ആശുപത്രിക്ക് മുന്നിൽ സഹപാഠികൾ; ആൻസണെ തങ്ങൾക്കു വിട്ടുതരണമെന്ന് ആവശ്യം"
english_title: "#classmates in front of the #hospital late at #night; They demanded that #Anson be handed over to them"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/134109/classmates-in-front-of-the-hospital-late-at-night-they-demanded-that-anson-be-handed-over-to-them"
published_at: "2023-07-27T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2230aad358_namitha.jpg"
keywords: []
---

# #moovattupuzha | രാത്രി വൈകിയും ആശുപത്രിക്ക് മുന്നിൽ സഹപാഠികൾ; ആൻസണെ തങ്ങൾക്കു വിട്ടുതരണമെന്ന് ആവശ്യം

> **Lead Summary:** **മൂവാറ്റുപുഴ : ** ക്ലാസ് കഴിഞ്ഞു കളിചിരിയോടെ യാത്ര പറഞ്ഞു പിരിഞ്ഞ പ്രിയ സഹപാഠി ഇനി ഒരിക്കലും തിരികെ വരാതെ മടങ്ങിയെന്നു വിശ്വസിക്കാനായിട്ടില്ല ഉറ്റ സുഹൃത്തുക്കൾക്ക്. നമിതയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നിർമല ആശുപത്രിയിൽ രാത്രി വൈകിയും തരിച്ചിരിക്കുകയാണ് ഉറ്റ സുഹൃത്തുക്കൾ.

## Article Content

**മൂവാറ്റുപുഴ : ** ക്ലാസ് കഴിഞ്ഞു കളിചിരിയോടെ യാത്ര പറഞ്ഞു പിരിഞ്ഞ പ്രിയ സഹപാഠി ഇനി ഒരിക്കലും തിരികെ വരാതെ മടങ്ങിയെന്നു വിശ്വസിക്കാനായിട്ടില്ല ഉറ്റ സുഹൃത്തുക്കൾക്ക്. നമിതയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നിർമല ആശുപത്രിയിൽ രാത്രി വൈകിയും തരിച്ചിരിക്കുകയാണ് ഉറ്റ സുഹൃത്തുക്കൾ.

കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ എത്തിയ ബൈക്ക് നമിതയുടെ ജീവനെടുത്തതു കണ്ടു നിന്ന സഹപാഠികളിൽ പലരും തളർന്നു വീണു. അപകട ശേഷവും ജീവന്റെ തുടിപ്പുണ്ടായിരുന്നു നമിതിയിൽ.

നമിതയുമായി ആശുപത്രിയിലേക്കു തിരിച്ച വാഹനത്തിനു പിന്നാലെ കോളജിലെ വിദ്യാർഥികളെല്ലാം കൂട്ടമായി ആശുപത്രിയിൽ എത്തി. നമിതയുടെ മരണം സ്ഥിരീകരിച്ചതോടെ ഇവരിൽ പലർക്കും ദുഃഖം നിയന്ത്രിക്കാനായില്ല. അപകടത്തിൽ പരുക്കേറ്റ ആൻസണെയും ഇവിടെ തന്നെയാണു കൊണ്ടു വന്നിരുന്നത്.

നമിതയുടെ മരണ വിവരം അറിഞ്ഞതോടെ ആൻസണെ തങ്ങൾക്കു വിട്ടു തരണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ ആശുപത്രിയിൽ ബഹളം വച്ചു. അധ്യാപകരും പൊലീസും എത്തിയാണ് ഇവരെ സമാധാനിപ്പിച്ചത്. രാത്രിയിലും വിദ്യാർഥികൾ ആശുപത്രിക്കു മുന്നിൽ കൂടി നിൽക്കുകയാണ്.

ആൻസൺ ലഹരി ഉപയോഗിച്ചിരുന്നോ എന്നു സ്ഥിരീകരിക്കാൻ ഇയാളുടെ രക്ത സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നു ഇൻസ്പെക്ടർ പി.എം.ബൈജു പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

ക്ലാസിലും കോളജിലും ഏറ്റവും ശാന്തസ്വഭാവക്കാരിയും എല്ലാവരുമായി സൗഹൃദം സൂക്ഷിച്ചിരുന്ന വിദ്യാർഥിനിയുമായിരുന്ന നമിത കുടുംബത്തിന്റെ വലിയ പ്രതീക്ഷയുമായിരുന്നു നമിത. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/134109/classmates-in-front-of-the-hospital-late-at-night-they-demanded-that-anson-be-handed-over-to-them)