---
title: "#permbavoor | ഗർഭിണിയടക്കം 5 സ്ത്രീകളും മുക്കാൽ മണിക്കൂറോളം ലിഫ്റ്റില്‍ "
english_title: "5 #women, including #pregnant women, were in the #lift for three and a half hours"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133843/5-women-including-pregnant-women-were-in-the-lift-for-three-and-a-half-hours"
published_at: "2023-07-26T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0da079dc5c_lift.jpg"
keywords: []
---

# #permbavoor | ഗർഭിണിയടക്കം 5 സ്ത്രീകളും മുക്കാൽ മണിക്കൂറോളം ലിഫ്റ്റില്‍ 

> **Lead Summary:** **പെരുമ്പാവൂർ :** കോടതി സമുച്ചയത്തിലെ ലിഫ്റ്റിൽ ഗർഭിണിയടക്കം അഭിഭാഷകരും ക്ലാർക്കും കുടുങ്ങി. മുക്കാൽ മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയ 7 പേരെ അഗ്നിരക്ഷാസേനയെത്തിയാണു പുറത്തെത്തിച്ചത്.

## Article Content

**പെരുമ്പാവൂർ :** കോടതി സമുച്ചയത്തിലെ ലിഫ്റ്റിൽ ഗർഭിണിയടക്കം അഭിഭാഷകരും ക്ലാർക്കും കുടുങ്ങി. മുക്കാൽ മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയ 7 പേരെ അഗ്നിരക്ഷാസേനയെത്തിയാണു പുറത്തെത്തിച്ചത്.

2 വനിതകളെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. മറ്റൊരു അഭിഭാഷകയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.

രാവിലെ 11നായിരുന്നു സംഭവം.10.55നാണ് അഭിഭാഷകരും ജീവനക്കാരും ലിഫ്റ്റിൽ കയറിയത്. ലിഫ്റ്റ് ഉയർന്ന് അൽപം കഴിഞ്ഞപ്പോഴേക്കും നിന്നു. 4 നില സമുച്ചയത്തിലെ ഒന്നാം നിലയുടെയും രണ്ടാം നിലയുടെയും ഇടയിലാണു കേടായതിനെ തുടർന്നു ലിഫ്റ്റ് നിന്നത്. 5 സ്ത്രീകളും 2 പുരുഷൻമാരും ഉണ്ടായിരുന്നു.

ഇതിൽ 6 പേർ അഭിഭാഷകരും ഒരാൾ ക്ലാർക്കുമാണ്.കോടതി ജീവനക്കാരും അഭിഭാഷകരും നടത്തിയ ശ്രമം വിഫലമായതോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്.അൽപം കഴിഞ്ഞതോടെ ആശങ്കയായെന്നു ലിഫ്റ്റിൽ കുടുങ്ങിയ അഡ്വ.ടി.എസ്.സദാനന്ദൻ പറഞ്ഞു.

ചെറിയ വിടവിലൂടെ മറ്റ് അഭിഭാഷകർ വെള്ളം നൽകി. കൃത്യസമയത്ത് മറ്റ് അഭിഭാഷകർ വഴി ഫയലുകൾ കോടതിയിൽ എത്തിച്ചു. 11.40ന് രക്ഷാപ്രവർത്തനം പൂർത്തിയായി.

താഴ് പൊട്ടിച്ചും ലിഫ്റ്റ് വലിച്ചു നീക്കിയും ഉണ്ടാക്കിയ ഒരടിയോളം വിടവിലൂടെ എല്ലാവരെയും പുറത്തെത്തിച്ചു. ലിഫ്റ്റിന്റെ താക്കോൽ കാണാതായതും ആശങ്ക വർധിപ്പിച്ചു.അഭിഭാഷകരായ ടി.എസ്.സദാനന്ദൻ, ഇ.ജി.അമ്പിളി, ഹന്ന ബി.ജേക്കബ്, അഞ്ജലി ബിജോയ്, സി.പി.ഷൈജ എന്നിവരും ഇന്റേൺഷിപ് ചെയ്യുന്ന ശ്രീലക്ഷ്മി, അഭിഭാഷക ക്ലാർക്ക് സി.സി.രാമചന്ദ്രൻ എന്നിവരാണ് ലിഫ്ടിൽ കുടുങ്ങിയത്.

സ്റ്റേഷൻ ഓഫിസർ ടി. കെ. സുരേഷ് അസിസ്റ്റന്റ് ഓഫിസർ എൻ. കെ. സോമൻ, അജേഷ്, പ്രമോദ് കുമാർ സുബ്രഹ്മണ്യൻ, സംഗീത്,സുഭാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133843/5-women-including-pregnant-women-were-in-the-lift-for-three-and-a-half-hours)