---
title: " #kochi | അറ്റകുറ്റപ്പണി;വെള്ളമെത്തിക്കാനുള്ള നടപടി ജല അതോറിറ്റി ആരംഭിച്ചു"
english_title: "Maintenance; #water #authority has started the process of #pumping water"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133837/maintenance-water-authority-has-started-the-process-of-pumping-water"
published_at: "2023-07-26T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0d5cee1cf4_water.jpg"
keywords: []
---

#  #kochi | അറ്റകുറ്റപ്പണി;വെള്ളമെത്തിക്കാനുള്ള നടപടി ജല അതോറിറ്റി ആരംഭിച്ചു

> **Lead Summary:** **കൊച്ചി :** പാലാരിവട്ടത്ത്‌ കുടിവെള്ളക്കുഴലിലെ അറ്റകുറ്റപ്പണിയെ തുടർന്ന്‌ വെള്ളം മുടങ്ങിയ ‌പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ള നടപടി ജല അതോറിറ്റി ആരംഭിച്ചു.

## Article Content

**കൊച്ചി :** പാലാരിവട്ടത്ത്‌ കുടിവെള്ളക്കുഴലിലെ അറ്റകുറ്റപ്പണിയെ തുടർന്ന്‌ വെള്ളം മുടങ്ങിയ ‌പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനുള്ള നടപടി ജല അതോറിറ്റി ആരംഭിച്ചു.

നാലോ അഞ്ചോ ദിവസത്തിനുള്ളിൽ പഴയതുപോലെ വെള്ളം ലഭ്യമാകുമെന്ന് അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ നീതു മോഹൻ പറഞ്ഞു. പാലാരിവട്ടത്ത് അഞ്ചുദിവസത്തെ അറ്റകുറ്റപ്പണിയുടെ ഭാ​ഗമായി പ്രധാന കുഴൽ പൂട്ടി ജലവിതരണം നിര്‍ത്തിവച്ചതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം.

പമ്പിങ് പുനരാരംഭിച്ചപ്പോള്‍ ആവശ്യത്തിന് സമ്മര്‍ദമില്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ പഴയതുപോലെ കുടിവെള്ളം ലഭിക്കാതായി. ക്ഷാമമുള്ള പ്രദേശങ്ങളിലെ ഇടറോഡുകളിലെ ലൈനുകൾ ബൂസ്‌റ്റ്‌ ചെയ്‌ത്‌ വെള്ളമെത്തിക്കാനുള്ള ‌പ്രവൃത്തികളാണ് ജല അതോറിറ്റി തുടങ്ങിയിട്ടുള്ളത്‌.

ലൈനുകൾ ബൂസ്‌റ്റ്‌ ചെയ്യാൻ റോഡ്‌ വെട്ടി പൊളിക്കേണ്ടിവരും. അതിനുള്ള അനുമതി ലഭിച്ചതിനുപിന്നാലെ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ശ്രീനാരായണറോഡിലും അൽ അമീൻ റോഡിലും പൈപ്പ്‌ലൈനുകൾ ബൂസ്‌റ്റ്‌ ചെയ്യുന്ന ജോലി ചൊവ്വാഴ്ച തുടങ്ങി. അഞ്ചോളം ഇടറോഡുകളിൽ ഇത്തരത്തിൽ ബൂസ്‌റ്റ്‌ ചെയ്യണം. ശക്തമായ പമ്പിങ് ലഭിക്കുന്ന ഇടവിട്ടുള്ള ദിവസങ്ങളിലാണ്‌ ബൂസ്‌റ്റിങ് നടത്തേണ്ടത്‌.

പൊതുമരാമത്തുവകുപ്പിന്റെ റോഡുകൾക്കടിയിലൂടെയുള്ള പൈപ്പുകളിലും ബൂസ്‌റ്റിങ് വേണ്ടിവരും. അതിനായി പൊതുമരാമത്ത്‌ റോഡുകൾ പൊളിക്കാനുള്ള അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ട്‌. മഴക്കാലത്ത്‌ റോഡ്‌ പൊളിക്കുന്നതിൽ നാട്ടുകാർക്ക്‌ പ്രതിഷേധമുണ്ട്.

ഇത് പ്രശ്‌നം വേഗത്തിൽ പരിഹരിക്കുന്നതിന്‌ തടസ്സമാകുന്നുണ്ട്‌. പാലാരിവട്ടത്ത്‌ പൊളിച്ച റോഡ്‌ മഴ മാറുന്ന ഇടവേളയിൽ റീ ടാർ ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ ജല അതോറിറ്റി. രണ്ടു മീറ്ററോളം ആഴത്തിൽ കുഴിച്ചിരുന്നതിനാൽ മൂടിയ മണ്ണ്‌ ഉറയ്‌ക്കാനും സമയമെടുക്കും.

കുടിവെള്ളമെത്താത്തതിൽ പ്രതിഷേധിച്ച്‌ ഇടപ്പള്ളിവാസികൾ കഴിഞ്ഞദിവസം കലൂർ ജല അതോറിറ്റി ഓഫീസിനുമുന്നിൽ സമരം ചെയ്‌തിരുന്നു. കോർപറേഷനിലെ 15 ഡിവിഷനുകളിലും ചേരാനല്ലൂർ പഞ്ചായത്ത്‌ പ്രദേശത്തും കഴിഞ്ഞയാഴ്‌ച കുടിവെള്ളവിതരണം മുടങ്ങിയിരുന്നു.

പാലാരിവട്ടം മാർട്ടിൻ പള്ളിക്കുമുന്നിലെ അറ്റകുറ്റപ്പണി കഴിഞ്ഞ് 10 ദിവസമായെങ്കിലും എല്ലായിടത്തും പൂർവസ്ഥിതിയില്‍ കുടിവെള്ളമെത്തിയിട്ടില്ല. ഉയർന്ന പ്രദേശങ്ങളായ ഇടപ്പള്ളി, ദേവൻകുളങ്ങര, എളമക്കര, പൊറ്റക്കുഴി ഭാഗങ്ങളിലാണ്‌ ഇപ്പോഴും കുടിവെള്ളം പൂർണമായി എത്താത്തത്‌. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133837/maintenance-water-authority-has-started-the-process-of-pumping-water)