---
title: "#tiger | പുലി ഭീതിയിൽ;പശുവിനെ കൊന്നു, ഒട്ടേറെ കന്നുകാലികളെ കാണാതായി"
english_title: "#Tiger in fear; #cow #killed, many cattle #missing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133618/tiger-in-fear-cow-killed-many-cattle-missing"
published_at: "2023-07-25T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfae3b32482_tiger.jpg"
keywords: []
---

# #tiger | പുലി ഭീതിയിൽ;പശുവിനെ കൊന്നു, ഒട്ടേറെ കന്നുകാലികളെ കാണാതായി

> **Lead Summary:** **അയ്യമ്പുഴ :** പ്ലാന്റേഷൻ കോർപറേഷന്റെ കാലടി ഗ്രൂപ്പിലെ എസ്റ്റേറ്റുകളിലെ തൊഴിലാളികൾ പുലി ഭീതിയിൽ. കഴിഞ്ഞ ദിവസം കല്ലാല എസ്റ്റേറ്റിൽ ഇരുമ്പുകുത്തി മനോഹരൻ എന്നയാളുടെ പശുവിനെ പുലി കൊന്നു.

## Article Content

**അയ്യമ്പുഴ :** പ്ലാന്റേഷൻ കോർപറേഷന്റെ കാലടി ഗ്രൂപ്പിലെ എസ്റ്റേറ്റുകളിലെ തൊഴിലാളികൾ പുലി ഭീതിയിൽ. കഴിഞ്ഞ ദിവസം കല്ലാല എസ്റ്റേറ്റിൽ ഇരുമ്പുകുത്തി മനോഹരൻ എന്നയാളുടെ പശുവിനെ പുലി കൊന്നു.

പശുവിനെ ആക്രമിക്കുന്നത് കണ്ടു തൊഴിലാളികൾ ഒച്ച വച്ചപ്പോൾ പുലി കാട്ടിലേക്ക് ഓടിമറഞ്ഞെങ്കിലും പശു ചത്തു. കല്ലാല ഫാക്ടറി തൊഴിലാളിയായ എ.ആർ.രമേശിന്റെ പശുവിനെയും പുലി പിടിച്ചിരുന്നു. ഈ ഭാഗത്ത് ഒട്ടേറെ കന്നുകാലികളെ കാണാതാകാറുണ്ട്.

പ്ലാന്റേഷൻ കോർപറേഷനിൽ കന്നുകാലികൾക്കു നേരെയുള്ള പുലിയുടെ ആക്രമണം ഇപ്പോൾ പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. 6 മാസത്തിനിടെ ഇരുമ്പുകുത്തി മനോഹരന്റെ 8 പശുക്കളെയും രമേശന്റെ 3 പശുക്കളെയുമാണു പുലികൊന്നത്. പ്ലാന്റേഷന്റെ മറ്റൊരു ഭാഗമായ പാണ്ടുപാറയിൽ കഴിഞ്ഞദിവസം പുലി പശുവിനെ ആക്രമിച്ചു കൊന്നു.

അതിരപ്പിള്ളി എസ്റ്റേറ്റിൽ പല ബ്ലോക്കുകളിലും പുലികളെ കൂട്ടത്തോടെ കാണാറുണ്ട്. സ്കൂളിനു സമീപത്തെ ഇഞ്ചക്കാടുകളിൽ പുലിമടയുണ്ടെന്നു നാട്ടുകാർ പറയുന്നു. ഈ ഭാഗത്തു നിന്നാണു പുലിയിറങ്ങി ഇരുമ്പുകുത്തി മനോഹരന്റെ പശുവിനെ കൊന്നത്. പ്ലാന്റേഷൻ റോഡുകളിലൂടെ ബൈക്കിലും മറ്റും യാത്രക്കാർ പോകുന്നതു ഭീതിയോടെയാണ്.

വളരെ വേഗത്തിൽ റോഡ് കുറുകെ കടന്നു പോകുന്ന പുലികളെ കാണാനാവും. പുലിയെ ഇടിച്ചു ബൈക്ക് യാത്രക്കാർ വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ഒട്ടേറെ തൊഴിലാളികൾ കടന്നുപോകുന്ന റോഡിന്റെ വശങ്ങളിലും തോട്ടങ്ങൾക്കു സമീപത്തുമാണു പുലിയിറങ്ങാറുണ്ട്. തൊഴിലാളികൾ ജോലിചെയ്യുന്ന ഒറ്റപ്പെട്ട സ്ഥലങ്ങളിലും പുലിസാന്നിധ്യം പതിവാണ്.

കന്നുകാലികൾക്കു നേരെ പുലിയുടെ ആക്രമണം വർധിക്കുന്നതിൽ നാട്ടുകാർ ഭീതിയിലാണ്. പ്ലാന്റേഷന് അകത്ത് പുലി മനുളെ പുലി ആക്രമിച്ചിട്ടുണ്ട്.എന്നാൽ വനമേഖലയോടു ചേർന്നുള്ള ചുള്ളിയിൽ വീടിനു സമീപം നിൽക്കുകയായിരുന്നയാളെ പുലി ആക്രമിച്ചിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങുന്ന പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.

ഇരുട്ടുവീണാൽ തൊഴിലാളികൾക്കു ക്വാർട്ടേഴ്സുകളിൽ നിന്നിറങ്ങാൻ ഭയമാണ്. മുറ്റത്തു നിൽക്കുന്ന വളർത്തുനായ്ക്കളെ പുലി പിടിച്ചുകൊണ്ടുപോകാറുണ്ട്. കാട്ടാനകളുടെ ആക്രമണവും ഏറിയിട്ടുണ്ട്. കഴിഞ്ഞദിവസം ക്വാർട്ടേഴ്സുകളിൽ ആളുകൾ ഇല്ലാതിരുന്നതാണു രക്ഷയായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133618/tiger-in-fear-cow-killed-many-cattle-missing)