---
title: "#farmer | ജില്ലയിലെ മികച്ച യുവ കർഷക അവാർഡ്‌ നേടി മൃദുല "
english_title: "#Mridula won the best #young #farmer #award in the #district"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133165/mridula-won-the-best-young-farmer-award-in-the-district"
published_at: "2023-07-24T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bdeb652a772_farmer.jpg"
keywords: []
---

# #farmer | ജില്ലയിലെ മികച്ച യുവ കർഷക അവാർഡ്‌ നേടി മൃദുല 

> **Lead Summary:** **മൂവാറ്റുപുഴ :** കൃഷിവകുപ്പിന്റെ ജില്ലയിലെ മികച്ച യുവ കർഷക അവാർഡിന് പായിപ്ര പഞ്ചായത്ത് ഒന്നാംവാർഡിൽ മനക്കകുടിയിൽ (ഹരിമന്ദിരം) മൃദുല ഹരികൃഷ്ണനെ തെരഞ്ഞെടുത്തു. രണ്ടരയേക്കറിൽ നടത്തിയ കൃഷിയുടെ മികവാണ് അവാർഡിന് അർഹയാക്കിയത്‌.

## Article Content

**മൂവാറ്റുപുഴ :** കൃഷിവകുപ്പിന്റെ ജില്ലയിലെ മികച്ച യുവ കർഷക അവാർഡിന് പായിപ്ര പഞ്ചായത്ത് ഒന്നാംവാർഡിൽ മനക്കകുടിയിൽ (ഹരിമന്ദിരം) മൃദുല ഹരികൃഷ്ണനെ തെരഞ്ഞെടുത്തു. രണ്ടരയേക്കറിൽ നടത്തിയ കൃഷിയുടെ മികവാണ് അവാർഡിന് അർഹയാക്കിയത്‌.

സ്ഥലത്തിന്റെ ചെറിയഭാഗംപോലും പാഴാക്കാതെയാണ്‌ മൃദുലയുടെ കൃഷി. മട്ടുപ്പാവുവരെ കൃഷിയിടമാക്കി. റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ചാമ്പ, ഡ്രാഗൺഫ്രൂട്ട്, കുള്ളൻ വാഴ, കമുക്, തെങ്ങ്, ജാതി എന്നിവയും മീൻകൃഷി, വെച്ചൂർ പശുവളർത്തൽ, വിവിധതരം പഴവർഗങ്ങളുമാണ് ആകർഷണം. പായിപ്ര കൃഷിഭവന്റെ സഹായത്തോടെ ആധുനിക കൃഷിരീതിയാണ്‌ നടപ്പാക്കുന്നത്.

കുട്ടികൾക്കും മാതാപിതാക്കൾക്കും വിഷരഹിത പഴവർഗങ്ങൾ പച്ചക്കറി, പാൽ, മീൻ ലഭ്യമാക്കാനാണ് കൃഷി തുടങ്ങിയത്. ഭർത്താവ് ഹരികൃഷ്ണനും മക്കൾ ഗൗരി നന്ദയും അഭിനവ് ഹരിയും സഹായവും പ്രോത്സാഹനവും നൽകുന്നുണ്ട്‌.

അക്കൗണ്ട് ജനറൽ ഓഫീസിൽനിന്ന്‌ വിരമിച്ച് എം എസ് സുരേന്ദ്രന്റെയും മുൻ പഞ്ചായത്ത് അംഗം രാധ സുരേന്ദ്രന്റെയും മകളാണ് മൃദുല. കൃഷി വിപുലമാക്കിയതോടെ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണെന്നും പരമാവധി ആളുകൾക്ക്‌ നൽകാൻ ശ്രമിക്കാറുണ്ടെന്നും മൃദുല പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133165/mridula-won-the-best-young-farmer-award-in-the-district)