---
title: "#duck | കൗതുകമായി വിസിലിങ് ഡക്ക് കുടുംബം"
english_title: "Curious Whistling #Duck #Family"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/132876/curious-whistling-duck-family"
published_at: "2023-07-23T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc9cb265dc6_duck.jpg"
keywords: []
---

# #duck | കൗതുകമായി വിസിലിങ് ഡക്ക് കുടുംബം

> **Lead Summary:** **വൈറ്റില :** വെള്ളി രാവിലെ വൈറ്റില മൊബിലിറ്റി ഹബ്ബിനടുത്തുള്ള ആർഎസ്എസി ക്ലബ്ബിനുസമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഇന്ത്യന്‍ വിസിലിങ് ഡക്ക് (ചൂളന്‍ എരണ്ട) കുടുംബത്തെ കണ്ടെത്തിയത്.

## Article Content

**വൈറ്റില :** വെള്ളി രാവിലെ വൈറ്റില മൊബിലിറ്റി ഹബ്ബിനടുത്തുള്ള ആർഎസ്എസി ക്ലബ്ബിനുസമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഇന്ത്യന്‍ വിസിലിങ് ഡക്ക് (ചൂളന്‍ എരണ്ട) കുടുംബത്തെ കണ്ടെത്തിയത്.

പറക്കുന്ന താറാവുവര്‍​ഗമായ എരണ്ട വിഭാഗത്തില്‍പ്പെടുന്ന ഈ പക്ഷികളുടെ ശരീരത്തിന് തവിട്ടുനിറമാണെങ്കിലും കഴുത്തിനും ചിറകുകൾക്കും സ്വർണനിറമാണ്.ഇവ റോഡിലേക്കിറങ്ങിയതോടെ കാഴ്ചക്കാര്‍ കൂടി.

താറാവിനൊപ്പം വലിപ്പമുണ്ടെങ്കിലും കഴുത്തിനും കാലുകൾക്കും താറാവിനെക്കാൾ നീളമുണ്ട്. മനുഷ്യരോട് എളുപ്പത്തിൽ ഇണങ്ങുന്ന ചൂളന്‍ എരണ്ടകള്‍ മരപ്പൊത്തുകളിൽ കൂടുണ്ടാക്കി അടയിരുന്നാണ് പ്രജനനം നടത്തുന്നത്. ഇവയെ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, പാകിസ്ഥാൻ, സിംഗപ്പൂർ, ഇന്തോനേഷ്യമുതൽ വിയറ്റ്നാംവരെ കാണാം.

ആൺ എരണ്ടയും ഇണയും ഒരാഴ്ചയോളം പ്രായമായ 10 കുഞ്ഞുങ്ങളുമാണ് ഹബ്ബിനടുത്തെത്തിയത്. ജനക്കൂട്ടത്തെ കണ്ടതോടെ ഇവ സമീപത്തെ വീട്ടിലെ വാട്ടർ മീറ്റർ ടാങ്കിൽ കയറി ഒളിച്ചു. ഇവയെ കണ്ടതോടെ എത്തിയ തെരുവുനായക്കൂട്ടത്തെ കാഴ്ച കാണാനെത്തിയവർ ഓടിച്ചു.

വിവരമറിയിച്ചതോടെ വനം ഉദ്യോ​ഗസ്ഥരെത്തി പക്ഷിക്കൂട്ടത്തെ കൂട്ടിലാക്കി ഓഫീസിലേക്ക് കൊണ്ടുപോയി. പക്ഷേ, ആൺപക്ഷി പിടികൊടുക്കാതെ സമീപത്തെ കാട്ടിലേക്ക് പറന്നുപോയി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/132876/curious-whistling-duck-family)