---
title: "#oommenchandy|പുതുപ്പള്ളി ഹൗസിനോട് വിടചൊല്ലി ഉമ്മൻ ചാണ്ടി; കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിച്ചു"
english_title: "#Oommen Chandy bids farewell to #Puthupally House; The mourning procession started to #Kottayam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/131639/oommen-chandy-bids-farewell-to-puthupally-house-the-mourning-procession-started-to-kottayam"
published_at: "2023-07-19T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b761755105b_umman2.jpg"
keywords: []
---

# #oommenchandy|പുതുപ്പള്ളി ഹൗസിനോട് വിടചൊല്ലി ഉമ്മൻ ചാണ്ടി; കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിച്ചു

> **Lead Summary:** **തിരുവനന്തപുരം:**ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനങ്ങൾക്ക് നടുവിലൂടെ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു.പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ‘ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യ വിളികളോടെ പ്രവർത്തകർ പ്രിയ നേതാവിനെ യാത്രയാക്കി.

## Article Content

**തിരുവനന്തപുരം:**ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനങ്ങൾക്ക് നടുവിലൂടെ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു.പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ‘ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യ വിളികളോടെ പ്രവർത്തകർ പ്രിയ നേതാവിനെ യാത്രയാക്കി.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്.

എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30ന് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.ആൾക്കൂട്ടത്തെ ശ്വസിക്കുകയും അവരിലൊരാളായി ജീവിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടി ആദ്യമായി ശാന്തമായി കണ്ണടച്ചുകിടന്നു. ആയിരക്കണക്കിനു മനുഷ്യരുടെ കണ്ണീർക്കടലിലിലൂടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് അവസാനമായി ഒഴുകിനീങ്ങി. മുൻ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനസഞ്ചയമാണു തലസ്ഥാനത്തേക് ഒഴുകിയത്.നിയന്ത്രണാതീതമായ തിരക്ക് കാരണം നേരത്തെ നിശ്ചയിച്ച സമയത്തിൽനിന്ന് ഏറെ വൈകിയാണ് മൃതദേഹം വഹിച്ചുള്ള വാഹനം നീങ്ങിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/131639/oommen-chandy-bids-farewell-to-puthupally-house-the-mourning-procession-started-to-kottayam)