---
title: "#paravoor|പറവൂർ നഗരസഭാ കൗൺസിൽ ; താലൂക്കാശുപത്രി സൂപ്രണ്ടിനെതിരെ നടപടി വേണം "
english_title: "Paravur Municipal Council; Action should be taken against Taluk Hospital Superintendent"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/130707/paravur-municipal-council-action-should-be-taken-against-taluk-hospital-superintendent"
published_at: "2023-07-16T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b34483ce1f0_paravoor.jpg"
keywords: []
---

# #paravoor|പറവൂർ നഗരസഭാ കൗൺസിൽ ; താലൂക്കാശുപത്രി സൂപ്രണ്ടിനെതിരെ നടപടി വേണം 

> **Lead Summary:** **പറവൂർ:**താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി എസ് റോസമ്മയ്‌ക്കെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. സർക്കാർ, നഗരസഭ, എച്ച്എംസി എന്നിവയുടെ അനുവാദമോ ഉത്തരവോ ഇല്ലാതെ തന്നിഷ്ടപ്രകാരം നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കൗൺസിൽ സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ടത്.

## Article Content

**പറവൂർ:**താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി എസ് റോസമ്മയ്‌ക്കെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. സർക്കാർ, നഗരസഭ, എച്ച്എംസി എന്നിവയുടെ അനുവാദമോ ഉത്തരവോ ഇല്ലാതെ തന്നിഷ്ടപ്രകാരം നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കൗൺസിൽ സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ടത്.

ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥമൂലം രോഗി മരിക്കാനിടയായതോടെ സൂപ്രണ്ട് സ്വീകരിച്ച നടപടികൾ അംഗീകരിക്കാനാകില്ലെന്ന് കൗൺസിൽ വിലയിരുത്തി. ആംബുലൻസിൽ രോഗിയെ കൊണ്ടുപോകുന്നതിനുമുമ്പ് പണം അടയ്‌ക്കണമെന്ന വിചിത്ര ഉത്തരവ് നഗരസഭയുടെ അറിവില്ലാതെ സൂപ്രണ്ട് ഇറക്കിയത് ശരിയായില്ലെന്ന് നഗരസഭാ അധ്യക്ഷന്റെ ചുമതലയുള്ള എം ജെ രാജു പറഞ്ഞു. ആശുപത്രിയിൽ ഒട്ടിച്ചിരുന്ന ഉത്തരവ് രാജു വെള്ളി രാത്രി കീറിക്കളഞ്ഞിരുന്നു. തുടർന്ന് തനിക്കെതിരെ പൊലീസിൽ സൂപ്രണ്ട് പരാതി നൽകിയതായി രാജു പറഞ്ഞു.

കൗൺസിലിനിടെതന്നെ ഡോ. പി എസ് റോസമ്മയെ പെരുമ്പാവൂരിലേക്ക് മാറ്റിയുള്ള ഉത്തരവ്‌ വന്നു. സൂപ്രണ്ട് വീഴ്ചവരുത്തിയ സംഭവങ്ങളിൽ വിശദീകരണം ആവശ്യപ്പെടണമെന്ന കോൺഗ്രസ് പാർലമെന്ററി പാർടി ലീഡർ ഡി രാജ്കുമാറിന്റെ നിർദേശത്തിനെതിരെ ഭരണപക്ഷത്തുനിന്നുതന്നെ വിയോജിപ്പ് ഉയർന്നു. സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കണമെന്ന കൗൺസിലർ എൻ ഐ പൗലോസിന്റെ നിർദേശം കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എസ് സന്ദീപ്, ബ്ലോക്ക് പ്രസിഡന്റ്‌ ബി എ സന്ദീപ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി പി അജിത്‌കുമാർ, പി ആർ സജേഷ് കുമാർ, ശ്രേഷ മൊകേരി എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/130707/paravur-municipal-council-action-should-be-taken-against-taluk-hospital-superintendent)