---
title: "#kochi|കലൂർ-കടവന്ത്ര റോഡ്‌ നവീകരണം : 100 മീറ്ററിൽ മാതൃക തുടങ്ങി "
english_title: "#Kalur-Kadavantra Road Upgradation: Model started at 100m"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/130403/kalur-kadavantra-road-upgradation-model-started-at-100m"
published_at: "2023-07-15T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b1edb1b9049_kochi.jpg"
keywords: []
---

# #kochi|കലൂർ-കടവന്ത്ര റോഡ്‌ നവീകരണം : 100 മീറ്ററിൽ മാതൃക തുടങ്ങി 

> **Lead Summary:** **കൊച്ചി:**കലൂർ-–-കടവന്ത്ര റോഡിൽ കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ) നടപ്പാക്കുന്ന നവീകരണത്തിന്റെ മാതൃക ഒരുങ്ങുന്നു. കടവന്ത്ര ഭാഗത്ത്‌ കതൃക്കടവ്‌ പാലത്തിനുസമീപം ജല അതോറിറ്റിയുടെ സ്ഥലത്തിനുമുന്നിലെ റോഡിന്റെ 100 മീറ്റർ ഭാഗത്താണ്‌ മാതൃകാപദ്ധതി ഒരുക്കുന്നത്‌.

## Article Content

**കൊച്ചി:**കലൂർ-–-കടവന്ത്ര റോഡിൽ കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ) നടപ്പാക്കുന്ന നവീകരണത്തിന്റെ മാതൃക ഒരുങ്ങുന്നു. കടവന്ത്ര ഭാഗത്ത്‌ കതൃക്കടവ്‌ പാലത്തിനുസമീപം ജല അതോറിറ്റിയുടെ സ്ഥലത്തിനുമുന്നിലെ റോഡിന്റെ 100 മീറ്റർ ഭാഗത്താണ്‌ മാതൃകാപദ്ധതി ഒരുക്കുന്നത്‌.

മൂന്നരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്‌ പിന്നീട്‌ ഇതേമാതൃകയിലാകും നവീകരിക്കുക. ജിസിഡിഎ 25 വർഷംമുമ്പ്‌ നിർമിച്ച 22 മീറ്റർ വീതിയും 3.2 കിലോമീറ്റർ നീളവുമുള്ള റോഡിൽ 30 കോടി രൂപയുടെ നവീകരണമാണ്‌ നടപ്പാക്കുക. ഇതിൽ 17 കോടി രൂപയോളം കെഎംആർഎൽ നടപ്പാക്കുന്ന സൗന്ദര്യവൽക്കരണ നവീകരണജോലികൾക്കാണ്‌. ഒമ്പതുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ജോലികളാണ്‌ കെഎംആർഎൽ തുടങ്ങിയിട്ടുള്ളത്‌. കനാലുകൾ വൃത്തിയാക്കി, നടപ്പാതകൾ ടൈൽ വിരിച്ച്‌ ഭംഗിയാക്കും. ഇരിപ്പിടങ്ങൾ സ്ഥാപിക്കും.

ആധുനിക രീതിയിൽ വൈദ്യുതീകരിക്കുന്നതോടൊപ്പം ടോയ്‌ലറ്റുകളും സ്ഥാപിക്കുന്നതാണ്‌ കെഎംആർഎല്ലിന്റെ പദ്ധതി. പാതയോരത്തുള്ള മരങ്ങൾ സംരക്ഷിച്ചുകൊണ്ടാകും പദ്ധതി പൂർത്തിയാക്കുക. കെഎംആർഎല്ലിന്റെ നവീകരണജോലികൾ പൂർത്തിയായശേഷം ജിസിഡിഎ റോഡ്‌ ടാർ ചെയ്യുന്നതോടെ നഗരത്തിന്റെ രണ്ടു പ്രധാന കേന്ദ്രങ്ങളെ അന്താരാഷ്‌ട്രനിലവാരത്തിലുള്ള യാത്രാസൗകര്യത്തിലൂടെ ബന്ധിപ്പിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/130403/kalur-kadavantra-road-upgradation-model-started-at-100m)