---
title: "#murder|വീട്ടമ്മ വെട്ടേറ്റു കൊല്ലപ്പെട്ട കേസിൽ 17 വർഷത്തിനുശേഷം ട്വിസ്റ്റ്- ഭർത്താവ് അറസ്റ്റിൽ"
english_title: "After 17 years in the case of housewife hacked to death, husband arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/129729/after-17-years-in-the-case-of-housewife-hacked-to-death-husband-arrested"
published_at: "2023-07-12T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aeb147779f1_arrest.jpg"
keywords: []
---

# #murder|വീട്ടമ്മ വെട്ടേറ്റു കൊല്ലപ്പെട്ട കേസിൽ 17 വർഷത്തിനുശേഷം ട്വിസ്റ്റ്- ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** **പത്തനംതിട്ട:(**piravomnews.in)വീട്ടിനുള്ളിൽ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ട്വിസ്റ്റ്. ഭർത്താവ് അറസ്റ്റിൽ. 2006 മേയ് 26നു വൈകിട്ടാണ് പത്തനംതിട്ട പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

## Article Content

**പത്തനംതിട്ട:(**piravomnews.in)വീട്ടിനുള്ളിൽ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ട്വിസ്റ്റ്. ഭർത്താവ് അറസ്റ്റിൽ. 2006 മേയ് 26നു വൈകിട്ടാണ് പത്തനംതിട്ട പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കേസിൽ റിട്ട. പോസ്റ്റ്മാസ്റ്റർ കൂടിയായ ഭർത്താവ് ജനാര്‍ദനനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവരുടെ വീടിനോടു ചേർന്നു കെട്ടിടനിർമാണം നടത്തിവന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തുവിനെ കൊല നടന്ന ദിവസം മുതൽ കാണാതായതിനാൽ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. ഇയാളെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വർഷം സ്ത്രീയെ തെങ്കാശിയിൽ വച്ച് കണ്ടെത്തി. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ജനാർദനൻ നായരെ അറസ്റ്റ് ചെയ്തത്. വീടിനുള്ളിൽ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട രമാദേവിയുടെ ഒരു കയ്യിൽ 36 ഉം മറ്റേകയ്യിൽ 4 മുടിയിഴകളും ഉണ്ടായിരുന്നു. ഈ മുടിയിഴകൾ അന്നു തന്നെ ശാസ്ത്രീയപരിശോധനയ്ക്കയച്ച് ഭർത്താവ് ജനാർദനൻ നായരുടെതാണെന്നു കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് നാലുവർഷത്തിനു ശേഷമാണ് പരിശോധനാ റിപ്പോർട്ട് ലഭിച്ചത്. ജനാർദനൻ നായരുടെ സഹോദരൻ മറ്റൊരു കൊലപാതക കേസിൽ പ്രതിയാണ്. അയാളെ കേന്ദ്രീകരിച്ചും അന്ന് അന്വേഷണം നടന്നു.

എന്നാൽ കേസ് അട്ടിമറിക്കപ്പെട്ടു. പുതിയ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഇൻസ്പെക്ടർ സുനിൽ രാജ് വന്നതിനുശേഷം അന്വേഷണം പുനരാരംഭിച്ചു. 17 വർഷത്തിനുശേഷമാണ് ഭർത്താവ് ജനാർദനൻ നായരെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/129729/after-17-years-in-the-case-of-housewife-hacked-to-death-husband-arrested)