---
title: "#road|ആരക്കുന്നം -ആമ്പല്ലൂർ - കാഞ്ഞിരമറ്റം റോഡ് നവീകരണം-സിപിഐ എം പ്രക്ഷോഭത്തിലേക്ക്"
english_title: "Arakunnam-Amballur-Kanjiramattam road upgrade-to CPI-M agitation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/129445/arakunnam-amballur-kanjiramattam-road-upgrade-to-cpi-m-agitation"
published_at: "2023-07-11T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad6d5961159_road_3.jpg"
keywords: []
---

# #road|ആരക്കുന്നം -ആമ്പല്ലൂർ - കാഞ്ഞിരമറ്റം റോഡ് നവീകരണം-സിപിഐ എം പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** **പിറവം:** റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആരക്കുന്നം - ആമ്പല്ലൂർ - കാഞ്ഞിരമറ്റം റോഡ് നവീകരണം ഇഴയുന്നതിൽ പ്രതിഷേധം ശക്തമാകുന്നു.കെഎസ്ടിപി നിർമ്മാണം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു.

## Article Content

**പിറവം:** റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആരക്കുന്നം - ആമ്പല്ലൂർ - കാഞ്ഞിരമറ്റം റോഡ് നവീകരണം ഇഴയുന്നതിൽ പ്രതിഷേധം ശക്തമാകുന്നു.കെഎസ്ടിപി നിർമ്മാണം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു.

മേരിമാതാ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറെടുത്തത്. റോഡ് കയ്യേറ്റങ്ങൾ മാർക്ക് ചെയ്ത് രണ്ട് കിലോമീറ്ററിലെ കയ്യേറ്റങ്ങൾ ജനങ്ങളുടെ സഹകരണത്തോടെ ഒഴിപ്പിച്ചെടുത്തു. ആരക്കുന്നം മുതലുള്ള ഏഴ് കലുങ്കുകൾ പൊളിച്ചു. ഉപകരാറെടുത്ത മഠത്തിൽ ഏജൻസീസ് പിൻമാറിയതോടെ നിർമ്മാണ പ്രവർത്തനം ഇഴയാൻ തുടങ്ങി.കലുങ്കുകൾ പൊളിച്ചിട്ടത് പൂർണമായി പുനർ നിർമ്മിക്കാനോ, ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാനോ നടപടി ഉണ്ടായില്ല.

നാട്ടുകാരുടെ സമരത്തിനു ശേഷമാണ് പൊളിച്ചിട്ട ഭാഗത്ത് ഗതാഗതം പുനസ്ഥാപിച്ചത്. ആരക്കുന്നം ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാത്തതിനാൽ മഴ വെള്ളം ഒഴുകി റോഡിന്റെ ഒരു വശം ഇടിഞ്ഞു. ടാറിങ്ങിനോട് ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. കലുങ്കുകൾക്ക് സമീപം ചെളിയും വെള്ളക്കെട്ടും മൂലം അപകടങ്ങൾ പതിവായി.

കട്ടിമുട്ടം കവലയിലും , ഓർമുളക്കുന്ന് കവലയിലും മെറ്റൽ മാത്രം വിരിച്ചതും അപകടക്കെണിയായി മാറി.നിർമ്മാണം മൂലം 10 മീറ്റർ വരെ താഴ്ചയിൽ ആയ വീട്ടുകാർക്ക് ഗതാഗത സൗകര്യം പുന:സ്ഥാപിച്ചിട്ടില്ല. നിർമ്മാണ കമ്പനിയുടെ മെല്ലെപ്പോക്കിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് സിപിഐ എം എടയ്ക്കാട്ടുവയൽ ലോക്കൽ കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/129445/arakunnam-amballur-kanjiramattam-road-upgrade-to-cpi-m-agitation)