---
title: "ഒരാഴ്ച മുൻപ് കാണാതായ യുവതിയുടെ മൃതദേഹം അതിരപ്പിള്ളി വനത്തിനുള്ളിൽ"
english_title: "The body of the woman who went missing a week ago was found in the Athirappilly forest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/112702/the-body-of-the-woman-who-went-missing-a-week-ago-was-found-in-the-athirappilly-forest"
published_at: "2023-05-05T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454b603e4a00_ahila.jpg"
keywords: []
---

# ഒരാഴ്ച മുൻപ് കാണാതായ യുവതിയുടെ മൃതദേഹം അതിരപ്പിള്ളി വനത്തിനുള്ളിൽ

> **Lead Summary:** **കൊച്ചി....** കാലടി ചെങ്ങലിൽ നിന്നും ഒരാഴ്ച മുൻപ് കാണാതായ ആതിരയെന്ന യുവതിയെ അതിരപ്പിള്ളി വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ കൊന്ന് മൃതദേഹം വനത്തിൽ തള്ളിയ കേസിൽ സുഹൃത്ത് അഖിലിനെ അറസ്റ്റ്ചെയ്തു

## Article Content

**കൊച്ചി....** കാലടി ചെങ്ങലിൽ നിന്നും ഒരാഴ്ച മുൻപ് കാണാതായ ആതിരയെന്ന യുവതിയെ അതിരപ്പിള്ളി വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ കൊന്ന് മൃതദേഹം വനത്തിൽ തള്ളിയ കേസിൽ സുഹൃത്ത് അഖിലിനെ അറസ്റ്റ്ചെയ്തു

ആതിരയെ ഏപ്രിൽ 29 മുതൽ കാണ്മാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രിൽ 29ന് പതിവ് പോലെ ജോലിക്കിറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെത്തിച്ചുവെന്നും പിന്നീട് കാണ്മാനില്ലെന്നുമായിരുന്നു ഭർത്താവ് സനൽ നൽകിയ പരാതിയിലുണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാലടി ബസ് സ്റ്റോപ്പിൽ നിന്നും ആതിര അഖിലിന് അടുത്തേക്കാണ് പോയതെന്ന് വ്യക്തമായി. ഒരു റെന്റ് എ കാറിൽ അഖിലും ആതിരയും തുമ്പൂർമുഴിയിലേക്ക് സഞ്ചരിക്കുന്നതും സിസിടിവിയിൽ വ്യക്തമായിരുന്നു. തുടർന്ന് പൊലീസ് അഖിലിനെ ചോദ്യം ചെയ്യുകയും കൊലപാതക വിവരം പുറത്ത് വരികയുമായിരുന്നു ആറ് മാസമായി അടുപ്പത്തിലായിരുന്ന കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും ഒരേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. ആതിരയുടെ വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണം കാണാതായെന്നും അന്വേഷണത്തിൽ വ്യക്തമായി. ഏപ്രിൽ 29 നാണ് ആതിരയുമായി അഖിൽ അതിരപ്പള്ളിയിലേക്ക് തിരിച്ചത്. വിനോദയാത്ര പോകാമെന്ന പേരിലായിരുന്നു പ്രതി ആതിരയെ വിളിച്ചു വരുത്തിയത്. കടം വാങ്ങിയ തുക ആതിര തിരിച്ച് ചോദിച്ചത് അഖിലിനെ ചൊടിപ്പിച്ചു. ആതിരയെ വകവരുത്തണമെന്ന ലക്ഷ്യത്തോടെ പ്രതി, വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി ഷോൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. അതിന് ശേഷം ബൂട്ട് ഉപയോഗിച്ച് കഴുത്തിൽ ഞെരിച്ച് മരണം ഉറപ്പാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/112702/the-body-of-the-woman-who-went-missing-a-week-ago-was-found-in-the-athirappilly-forest)